തിരുവനന്തപുരം: ജോയിക്കുവേണ്ടി രണ്ട് ദിനരാത്രങ്ങളായി തെരച്ചിൽ നടക്കുമ്പോഴും ആരോപണ പ്രത്യാരോപണങ്ങൾക്ക് കുറവില്ല. തോട് വൃത്തിയാക്കാൻ നാലുതവണ നോട്ടീസ് നൽകിയിട്ടും റെയിൽവേ അധികൃതർ അനങ്ങിയില്ലെന്ന ആരോപണവുമായി മേയറും നഗരസഭയാണ് തോട് വൃത്തിയാക്കേണ്ടതെന്നുമുള്ള മറുപടിയുമായി റെയിൽവേയും രംഗത്തെത്തി.

12 വർഷത്തിനിടെ 13 കോടിരൂപയാണ് ആമയിഴഞ്ചാൻ തോടിന്റെ വൃത്തിയാക്കലിനും സംരക്ഷണത്തിനുമായി ചെലവഴിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങളും കവറിൽ കെട്ടിയെറിയുന്ന ഗാർഹിക മാലിന്യങ്ങളും കുമിഞ്ഞുകൂടി ടണലിന്റെ വ്യാസം കുറഞ്ഞു. ഇതോടെ ഓരോ മഴയത്തും തമ്പാനൂർ വെള്ളത്തിനടിയിലാകുന്ന സ്ഥിതിയായി.
മഴക്കാല പൂർവ ശുചീകരണം നടപ്പാക്കാൻ തീരുമാനിക്കുമെങ്കിലും പകുതി പോലും നടക്കാറില്ല. നഗരത്തിലെ ഓടകളും തോടുകളും വിവിധ വകുപ്പുകളാണ് വൃത്തിയാക്കുന്നത്. ഒബ്സർവേറ്ററി ഹില്ലിൽ നിന്നും ഒഴുകി തമ്പാനൂർ ഇന്ത്യൻ കോഫി ഹൗസ് വരെയുള്ള ഭാഗം വൃത്തിക്കുന്നത് മൈനർ ഇറിഗേഷനാണ്. ഈ തോട് റെയിൽവേ കോമ്പൗണ്ടിലേക്ക് കടന്ന് പുറത്തെത്തുന്നത് വരെയുള്ള ഭാഗം റെയിൽവേയും തുടർന്നുള്ള ഭാഗം വീണ്ടും മൈനർ ഇറിഗേഷനും വൃത്തിയാക്കണമെന്നാണ് ധാരണ. എന്നാൽ റെയിൽവേ ഉദ്യോഗസ്ഥർ ഇക്കാര്യം സമ്മതിക്കാറുണ്ടെങ്കിലും പ്രവർത്തനങ്ങൾ നടക്കാറില്ലെന്നാണ് മേയർ പറയുന്നത്.

ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയുടെ ചെയർപേഴ്‌സണായ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഇക്കഴിഞ്ഞ മേയ് 29ന് സതേൺ റെയിൽവേ ഡിവിഷണൽ എൻജിനിയർക്ക് ടണൽ വൃത്തിയാക്കണമെന്ന് കാണിച്ച് കത്ത് നൽകിയിരുന്നു. ദുരന്ത നിവാരണ നിയമം സെക്ഷൻ 26,30,34 എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്.

മാലിന്യം നീക്കം ചെയ്തില്ലെങ്കിൽ പിഴ ഈടാക്കുമെന്ന് കാട്ടി ജൂൺ 19ന് റെയിൽവേ റീജിയണൽ മാനേജർക്ക് നഗരസഭ സെക്രട്ടറി നൽകിയ കത്തിനെ തുടർന്നാണ് ഇറിഗേഷൻ കരാറുകാരനെ തോട് വൃത്തിയാക്കാൻ റെയിൽവേ ജോലി ഏല്പിച്ചത്. ക്വട്ടേഷൻ നൽകിയ കരാറല്ല ഇതെന്നും ജോലിചെയ്യുന്നവരുടെ എണ്ണം കണക്കാക്കി ശമ്പളം തരാമെന്ന വ്യവസ്ഥയിലാണ് റെയിൽവേ ജോലി ഏല്പിച്ചതെന്നും പണി ഏറ്റെടുത്ത ബിജു പറയുന്നു..