oo

തിരുവനന്തപുരം: 2015ൽ ഓപ്പറേഷൻ അനന്ത പദ്ധതിയുടെ ഭാഗമായി ആമയിഴഞ്ചാൻ തോട് വൃത്തിയാക്കിയപ്പോൾ തമ്പാനൂർ റെയിൽവേ സ്റ്റേഷന്റെ അടിയിലൂടെ കടന്നുപോകുന്ന ടണൽ കൾവെർട്ടിൽ നിന്നും മാത്രമായി നീക്കം ചെയ്‌തത് 700 ലോഡ് മാലിന്യവും മണ്ണുമായിരുന്നു.

അന്ന് ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണിന്റെയും ജില്ലാ കളക്ടറായിരുന്ന ബിജു പ്രഭാകറിന്റെയും നേതൃത്വത്തിലായിരുന്നു ഒന്നാംഘട്ട ഓപ്പറേഷൻ അനന്തയുടെ പ്രവർത്തനം. ഇതേ മാതൃകയിൽ വരും വർഷങ്ങളിലും മാലിന്യം നീക്കിയില്ലെങ്കിൽ അപകടമുണ്ടാകുമെന്ന് ബിജു പ്രഭാകർ മുന്നറിയിപ്പും നൽകിയിരുന്നു. റെയിൽവേ സ്റ്റേഷനകത്തു കൂടി കടന്നുപോകുന്ന ടണലിൽ മാലിന്യം അടിഞ്ഞുകൂടി ഒഴുക്കു തടസപ്പെടുന്നുവെന്നും അത് മാറ്റണമെന്നും 2019ലെഴുതിയ ബ്ലോഗ്കുറിപ്പിൽ ബിജു പ്രഭാകർ വ്യക്തമാക്കിയിരുന്നു.

പക്ഷേ, സർക്കാർ സംവിധാനങ്ങൾ അനങ്ങിയില്ല. 2015ൽ റെയിൽവേ ഭൂമിയിലുള്ള ഓട നവീകരിക്കാമെന്ന് റെയിൽവ ഉദ്യോഗസ്ഥർ പറഞ്ഞതാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. എന്നാൽ അധികാരികൾ അതൊന്നും ചെവിക്കൊണ്ടില്ല. നിശ്ചിത ഇടവേളകളിൽ നടത്തേണ്ട അറ്രകുറ്റപ്പണികളോ മാലിന്യം നീക്കലോ ചെയ്തിട്ടില്ല. 2016ന് ശേഷം പലതവണ രണ്ടാംഘട്ടം നടപ്പാക്കുമെന്ന് പറഞ്ഞ് സർക്കാർ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയെങ്കിലും പദ്ധതി മുന്നോട്ടുപോകാത്ത സ്ഥിതിയായി. വകുപ്പുകളുടെയും നഗരസഭയുടെയും ഏകോപനമില്ലാത്തതാണ് പ്രധാന തടസം.

ഒന്നാംഘട്ടത്തിൽ 26 കിലോമീറ്ററോളം ഓടകളിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചു. ഇതിന് തടയിടാൻ പല ശ്രമങ്ങളും നടന്നിരുന്നു. ആമയിഴഞ്ചാൻ തോട് കരകവിയുന്നത് തടയാൻ സെൻട്രൽ തിയേറ്ററിന് മുന്നിൽ നിന്ന് പുത്തരിക്കണ്ടം വഴി തെക്കിനിക്കര കനാലിലേക്ക് ഓവർഫ്ലോ ഡക്ട് നിർമ്മിച്ചു. പഴവങ്ങാടിയിൽ വെള്ളം കയറുന്നതൊഴിവാക്കാൻ കൾവർട്ട് ഉയർത്തി പണിയുകയും ചെയ്തു. 40 വർഷത്തിലേറെയായി വൃത്തിയാക്കാതെ കിടന്ന തമ്പാനൂർ റെയിൽവേ സ്റ്റേഷനടിയിലൂടെ പോകുന്ന ഓടയടക്കം ശുചിയാക്കി. 2016ൽ സർക്കാർ മാറിയപ്പോൾ പദ്ധതി മരവിച്ചു.

2021 മേയ് 12ന് പെയ്‌ത മഴയിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ,ചാല,കരിമഠം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വൻ വെള്ളക്കെട്ടാണുണ്ടായത്. കരിമഠത്ത് നിന്നടക്കം വെള്ളം തിരിച്ചിറങ്ങാൻ ഒരു ദിവസം കൂടി കാത്തിരിക്കേണ്ടി വന്നപ്പോൾ ഓപ്പറേഷൻ അനന്തയുടെ രണ്ടാംഭാഗം നടപ്പിലാക്കണമെന്ന ആവശ്യമുയർന്നെങ്കിലും ഒന്നും സംഭവിച്ചില്ല. ഒഴിപ്പിച്ച ഭാഗങ്ങളിൽ വീണ്ടും കൈയ്യേറ്റവും നടന്നു.

ബിജു പ്രഭാകർ ചൂണ്ടിക്കാട്ടിയത്

 പഴവങ്ങാടിയിലുള്ള കൾവർട്ടിനകത്ത് കൂടി നിരവധി സർവീസ് പൈപ്പുകൾ കടന്നുപോകുന്നുണ്ട്. ഇവ മാറ്റി സ്ഥപിക്കണം

 പുത്തരിക്കണ്ടത്തെ ഓവർഫ്ലോ ഡക്ടിൽ മാലിന്യം അടിയാതിരിക്കാനുള്ള നടപടികൾ വേണം

 ശ്രീചിത്രാ ഹോമിന് സമീപത്തെ തോട്ടിലെ തടസങ്ങളും മാറ്റണം

ഇനി നൂറുകോടി വേണം

 രണ്ടാംഘട്ടം പ്രവർത്തനങ്ങൾ 2015 കണക്കിലാക്കിയത് 25 കോടി,​ ഇനി 100 കോടിയെങ്കിലും വേണ്ടി വരും

 പഴവങ്ങാടി മുതൽ വഞ്ചിയൂർ ഉപ്പിടാംമൂട് പാലം വരെയാണ് രണ്ടാം ഘട്ടത്തിൽ പ്രധാനം

 ഉപ്പിടാംമൂട് പാലത്തിനടിയിൽ വരുമ്പോൾ മൂന്ന് മീറ്റർ ഓട ഒന്നേകാൽ മീറ്ററായി ചുരുങ്ങി. ഇവിടെ വീതി കൂട്ടേണ്ടതുണ്ട്.