വിതുര: വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടിയിൽ യാത്രക്കാരുടെ തിരക്ക് വർദ്ധിച്ചിട്ടുണ്ടെങ്കിലും ഇവിടേക്ക് വേണ്ടത്ര സർവീസ് ഇല്ലെന്ന് പരാതി. വിതുര, നെടുമങ്ങാട് ഡിപ്പോകളിൽ നിന്നും നാമമാത്രമായ സർവീസുകളാണ് നിലവിൽ പൊൻമുടിയിലേക്കുള്ളത്. നേരത്തേ കൂടുതൽ സർവീസ് നടത്തിയിരുന്നെങ്കിലും ഇടക്കാലത്ത് നിറുത്തലാക്കുകയായിരുന്നു. വേണ്ടത്ര സർവീസ് ഇല്ലാത്തതുമൂലം വിദ്യാർത്ഥികളും പ്രതിസന്ധിയിലാണ്. പൊൻമുടി റൂട്ടിലനുഭവപ്പെടുന്ന യാത്രാപ്രശ്നത്തിന് പരിഹാരം കാണുമെന്ന കെ.എസ്.ആർ.ടി.സി അധികാരികളുടെ വാഗ്ദാനം കടലാസിലുറങ്ങുകയാണ്. മാത്രമല്ല വിതുര ഡിപ്പോ പ്രവർത്തനം ആരംഭിച്ചപ്പോൾ ടൂറിസ്റ്റുകേന്ദ്രമായ പൊൻമുടിയെ ബന്ധിപ്പിച്ച് അനവധി സർവീസുകൾ ആരംഭിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചെങ്കിലും അതും ജലരേഖയായി. ശക്തമായ മഴയുള്ളതിനാൽ മിക്ക സഞ്ചാരികളും ബസിനെ ആശ്രയിച്ചാണ് പൊൻമുടിയിൽ എത്തുന്നത്. ശനി, ഞായർ ദിവസങ്ങളിലാണ് ബസുകളിൽ സഞ്ചാരികളുടെ വൻതിരക്ക് അനുഭവപ്പെടുന്നത്.

വെട്ടംകാണാതെ പദ്ധതി

തിരുവനന്തപുരം, നെടുമങ്ങാട് ഡിപ്പോകളിൽനിന്നു ടൂറിസ്റ്റുകൾ കയറുന്നതോടെ പൊൻമുടി, കല്ലാർ, ആനപ്പാറ വിതുര മേഖലയിലെ യാത്രക്കാർക്ക് കയറാൻ കഴിയാറില്ല. ചില ദിവസങ്ങളിൽ വിതുരയിൽ നിന്നും പൊൻമുടിയിലേക്ക് അധിക സർവീസ് അയയ്ക്കാറുണ്ടെങ്കിലും യാത്രാപ്രശ്നത്തിന് പരിഹാരമാകാറില്ല. കോവളം, വർക്കല, പൊൻമുടി എന്നീ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് പുതിയ സർവീസ് ആരംഭിക്കാൻ തീരുമാനമെടുത്തെങ്കിലും യാഥാർത്ഥ്യമായില്ല.

നെടുമങ്ങാട്, വിതുര, ആര്യനാട്, പാലോട്, തിരുവനന്തപുരം, കാട്ടാക്കട, നെയ്യാറ്റിൻകര ആറ്റിങ്ങൽ, വർക്കല, കിളിമാനൂർ, വെഞ്ഞാറമൂട് ഡിപ്പോകളിൽ നിന്നും പൊൻമുടിയിലേക്ക് ഓരോ സർവീസ് ആരംഭിക്കണമെന്നാണ് പൊൻമുടി നിവാസികളുടെ ആവശ്യം