ആറ്റിങ്ങൽ: പേരകം-വെള്ളരിക്കതൊടി റോഡിലെ വെള്ളക്കെട്ടും കുഴികളും നാടിനും നാട്ടുകാർക്കും നിത്യ ദുരിതമാകുന്നു. ചെറിയൊരു മഴ പെയ്‌താൽ റോഡ് തോടാകുന്ന അവസ്ഥയാണിപ്പോൾ.കോരാണി നാഷണൽ ഹൈവേയിൽ പതിനെട്ടാം മൈലിനും ടോൾ മുക്കിനും ഇടയിലെ പോക്കറ്റ് റോഡാണിത്. ദിവസേന അനേകം വിദ്യാർത്ഥികൾ അടക്കം നിരവധി കാൽനടക്കാർ മെയിൻ റോഡിൽ എത്താൻ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. സ്കൂൾ കുട്ടികൾ ഇതുവഴി പോകുമ്പോൾ ഷൂസും ചെരിപ്പുമെല്ലാം ഊരി കൈയിൽ പിടിച്ചാണ് നൂറു മീറ്ററിലധികം വരുന്ന ഈ വെള്ളക്കെട്ട് കടന്നുപോകുന്നത്. റോഡിലൂടെ ചെറു വാഹനങ്ങൾ കടന്നുപോയാൽത്തന്നെ റോഡിനിരുവശത്തുമുള്ള വീടുകളിൽ മലിനജലം തെറിക്കുന്നതും പതിവാണ്.റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികൾ അധികൃതർക്ക് നൽകിയിട്ടും നടപടി ഉണ്ടായില്ല.