വിഴിഞ്ഞം: തലസ്ഥാനത്തിന്റെ അഭിമാന നേട്ടമായ വിഴിഞ്ഞം പോർട്ടും ഇവിടെയെത്തുന്ന കപ്പലും കാണാനെത്തുന്നവർ മൂക്കുപൊത്തണം. അത്രയും വലിയ മാലിന്യക്കൂമ്പാരമാണ് തീരത്തുള്ളത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിഴിഞ്ഞത്തെ രാജ്യാന്തര തുറമുഖവും കപ്പലും കാണാൻ നിരവധിപേരാണ് എത്തിയിരുന്നത്. മഴകൂടി ശക്തമായതോടെ ഇതിലെ ജൈവമാലിന്യങ്ങൾ ചീഞ്ഞുനാറി ദുർഗന്ധം വർദ്ധിച്ചിരിക്കുകയാണ്. ഇതോടൊപ്പം പ്ലാസ്റ്റ് മാലിന്യത്തിന്റെ വൻ നിക്ഷേപവും ഇവിടെയുണ്ട്. നഗരസഭയുടെ തീരദേശത്തും സമീപ പഞ്ചായത്തുകളിലുമാണ് ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് മാലിന്യം പെരുകുന്നത്. തീരദേശത്ത് നഗരസഭയുടെ പ്ലാസ്റ്റിക് നിരോധനം പാളിയതാണ് ഇത്രയും മാലിന്യം കുന്നുകൂടാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
പകർച്ചവ്യാധി ഭീഷണിയും
മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കോട്ടപ്പുറം, കരിമ്പള്ളിക്കര ഭാഗങ്ങളിൽ കടത്തീരത്തോട് ചേർന്ന് പ്ലാസ്റ്റിക് മാലിന്യത്തിന്റെ കുന്ന് തന്നെ രൂപപ്പെട്ടിട്ടുണ്ട്. ഭക്ഷണാവശിഷ്ടങ്ങളും വീടുകളിലെ ജൈവമാലിന്യവും പ്ലാസ്റ്റിക്കിൽ കെട്ടി ഉപേക്ഷിക്കുന്നതിനാൽ ഇവ മണ്ണിനോടു ചേരാതെ അഴുകി ഈച്ചയും കൊതുകും പെരുകുന്ന അവസ്ഥയിലാണ്. മഴക്കാലത്ത് ഇതിലെ മലിനജലം റോഡിലേക്ക് ഒഴുകും. ഇതിൽ ചവിട്ടിവേണം യാത്രക്കാർ കടന്നുപോകാൻ.
പ്രധാന പരാതികൾ
തീരദേശത്ത് മാലിന്യ സംസ്കരണത്തിന് പ്രത്യേക സംവിധാനം ഇല്ല
പഞ്ചായത്തു പ്രദേശത്ത് ക്ലീനിംഗ് ജീവനക്കാർ ഇല്ല.
ഗ്രാമപ്രദേശത്ത് ശുചീകരണ തൊഴിലാളികളെ നിയമിക്കണമെന്നാണാവശ്യം.
റോഡിനിരുവശത്തുള്ള മാലിന്യങ്ങൾ നീക്കംചെയ്യാൻ സംവിധാനം വേണം
പ്ലാസ്റ്റിക് ഏറ്റെടുക്കാൻ ഹരിതകർമ സേന
വീടുകളിലെ പ്ലാസ്റ്റിക്കുകൾ മാത്രമേ ഹരിതകർമ്മ ശേഖരിക്കുകയുള്ളൂ. ഒരു വീട്ടിൽ നിന്ന് 50 രൂപയും കടകളിൽ നിന്ന് 100 രൂപയുമാണ് പ്ലാസ്റ്റിക് ശേഖരണത്തിനായി സേന ഈടാക്കുന്നത്. പ്ലാസ്റ്റിക് ഏറ്റെടുക്കാൻ ഹരിതകർമസേന തയാറാണെങ്കിലും ജനങ്ങൾ പലരും ആളൊഴിഞ്ഞ സ്ഥലങ്ങളിലേക്ക് വലിച്ചെറിയുകയാണ്. പ്ലാസ്റ്റിക്കുകൾ കഴുകി വൃത്തിയാക്കണമെന്നതിനാലും 50 രൂപ നൽകണമെന്നതിനാലും ഹരിതകർമസേനയ്ക്ക് നൽകാൻ പലരും മടിക്കുകയാണ്.
ഉൾക്കടലിലും പ്ലാസ്റ്റിക്
ഉൾക്കടലിലും പ്ലാസ്റ്റിക് മാലിന്യം കൂടുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. പ്ലാസ്റ്റിക് കുപ്പികൾ തുടങ്ങി നിരവധി മാലിന്യങ്ങളാണ് കടലിൽ ഒഴുകി നടക്കുന്നത്. കടലിലേക്ക് നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കടലിലെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. മത്സ്യ സമ്പത്തിനെവരെ ബാധിക്കുന്ന ഈ വിപത്തിനെ നിയന്ത്രിക്കാനുള്ള സംവിധാനം വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.