ചിറയിൻകീഴ്: പെരുങ്ങുഴി തോപ്പിൽ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്തെ റോഡിലെ വെള്ളക്കെട്ട് നാട്ടുകാർക്കും ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്കും ബുദ്ധിമുട്ടാകുന്നു.ചെറിയൊരു മഴപെയ്താൽ മതി ഈ റോഡ് വെള്ളത്തിൽ മുങ്ങാൻ.റോഡിൽ കെട്ടിക്കിടക്കുന്ന മലിനജലത്തിൽ ചവിട്ടി വേണം യാത്രക്കാർക്ക് സഞ്ചരിക്കാൻ.സ്കൂൾ വാഹനങ്ങളിൽ പലതും സ്ഥലപരിമിതി മൂലം ക്ഷേത്ര കോമ്പൗണ്ടിൽ കയറ്റിയാണ് തിരിക്കുന്നത്. ഇക്കാരണത്താൽ തന്നെ ഈ വാഹനത്തിൽ യാത്ര ചെയ്യേണ്ട വിദ്യാർത്ഥികൾക്ക് വെള്ളക്കെട്ടിലൂടെ നടന്നുവേണം വാഹനത്തിൽ കയറാൻ. മാത്രവുമല്ല കരിക്കുളം,മരയ്ക്കാർ വിളാകം എന്നീ ക്ഷേത്രങ്ങളിൽ എത്തുന്ന ഭക്തജനങ്ങളെയും ഇത് സാരമായി ബാധിക്കാറുണ്ട്.സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ മലിനജലത്തിൽ നിത്യവും ചവിട്ടി എലിപ്പനിയടക്കമുള്ള രോഗങ്ങൾ പിടിപെടുമോ എന്ന ഭയപ്പാടിലാണ് നാട്ടുകാർ. ഇതുസംബന്ധിച്ച് പലതവണ അധികാരികൾക്ക് പരാതികളും നിവേദനകളും നൽകിയെങ്കിലും ഫലമൊന്നുമുണ്ടായില്ലെന്നും അടിയന്തരമായി വെള്ളക്കെട്ട് ഒഴിവാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.