മഴയായതോടെ മാലിന്യം തള്ളൽ വ്യാപകം
കല്ലറ: മഴയുടെ മറവിൽ കക്കൂസ് മാലിന്യമടക്കം ജലസ്രോതസുകളിലേക്ക് തള്ളിവിടുന്ന സംഘം സജീവം. മഴ പെയ്യുമ്പോൾ ജലസ്രോതസുകളുടെ സമീപത്ത് ആരുമില്ലെന്നുള്ളതാണ് മാലിന്യം തള്ളൽ വ്യാപകമാകുന്നതിന് കാരണം.ജലസ്രോതസുകളിൽ മാലിന്യം കലർന്നതിനാൽ മലയോരമേഖല പകർച്ചവ്യാധി ഭീഷണിയിലാണ്. കല്ലറ മരുതമണിൽ നിന്ന് പഴവിളയിലേക്ക് പോകുന്ന തോടിനോടു ചേർന്നുള്ള വയൽ, മതിര തോട് എന്നിവിടങ്ങളിലാണ് രാത്രി ടാങ്കറിൽ കൊണ്ടുവന്ന് ടോയ്‌ലെറ്റ് മാലിന്യം ഒഴുക്കുന്നത്. രാത്രിയായതിനാലും കനത്ത മഴയുള്ളതിനാലും ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. പിറ്റേന്ന് പുലച്ചെ അസഹ്യമായ ദുർഗന്ധമുണ്ടായപ്പോഴാണ് മാലിന്യം കലർന്നെന്ന് മനസിലായത്. വയലിലുണ്ടായിരുന്ന പുല്ലുകൾ കൂട്ടത്തോടെ കരിഞ്ഞു പൊങ്ങി.വീര്യമേറിയ രാസവസ്തു കൂടി കൂട്ടിച്ചേർത്താണ് ഇത്തരം മാലിന്യം എത്തിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.അധികൃതർ അടിയന്തരമായി നടപടി സ്വീകരിക്കുകയും പൊലീസ് പട്രോളിംഗ് ശക്തമാക്കി കുറ്റക്കാരെ പിടികൂടി നിയമനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ജനങ്ങൾ ആശ്രയിക്കുന്നത്
നൂറുക്കണക്കിന് കുടുംബങ്ങൾ കുളിക്കാനും വസ്ത്രം കഴുകാനും, കന്നുകാലികളെ കുളിപ്പിക്കാനും മറ്റും ഉപയോഗിക്കുന്ന മരുതമൺ തോട്ടിലും രാത്രി മാലിന്യം ഒഴുക്കുന്നത് പതിവാണ്.ജനസഞ്ചാരം കുറഞ്ഞ പ്രദേശങ്ങളിൽ വാഹനം ഒതുക്കിയിട്ട് മാലിന്യം തോട്ടിലേക്ക് ഒഴുക്കി വിടുന്നതിനാൽ ഇവരെ പിടികൂടാൻ പ്രയാസമാണ്.മുൻപ് നഗരങ്ങളിൽ നിന്നാണ് ഇത്തരം മാലിന്യങ്ങൾ കൊണ്ടുവരുന്നതെങ്കിൽ ഇപ്പോൾ ഗ്രാമപ്രദേശങ്ങളിൽ നിന്നും മാലിന്യം കൊണ്ടുവരുന്നുണ്ട്.
മീനുകൾക്കും രക്ഷയില്ല
മാലിന്യനിക്ഷേപം വ്യാപകമായതോടെ തോടുകളിലെ മീനുകൾ ചത്തുപൊങ്ങുന്നതും പതിവാണ്.
പിന്നിൽ സംഘം
മഴക്കാലത്ത് ടോയ്‌ലെറ്റ് കുഴികൾ വൃത്തിയാക്കാനെത്തുന്ന സംഘമാണ് ജലസ്രോതസുകളിലും വയലുകളിലും മാലിന്യം തള്ളുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഒരു ദിവസം തന്നെ നിരവധി വീടുകളിൽ നിന്ന് ഇത്തരം മാലിന്യം ശേഖരിക്കുകയും അത് അടുത്തുള്ള ജലസ്രോതസുകളിലോ പൊതുസ്ഥലത്തോ വനമേഖലയിലോ ഒഴുക്കിവിടുകയാണെന്ന് ഇവർ പറയുന്നു.
മാലിന്യ വാഹിനികളായി നദികൾ
കക്കൂസ് മാലിന്യങ്ങൾ മാത്രമല്ല കല്യാണ വീടുകളിലെ മാലിന്യങ്ങൾ,പ്ലാസ്റ്റിക് കുപ്പികൾ,ബാർബർ ഷോപ്പിലെ മാലിന്യങ്ങൾ,അറവുശാലയിലെ മാലിന്യങ്ങൾ എന്നിവ നിക്ഷേപിക്കുന്ന ഇടങ്ങളായി നദികൾ മാറി.