park

മാലിന്യ കേന്ദ്രവും പരസ്യ മദ്യപാന കേന്ദ്രവും

വർക്കല: ടൗണിന്റെ ഹൃദയഭാഗമായ മൈതാനത്തെ മുനിസിപ്പൽ പാർക്ക് സംരക്ഷിക്കണമെന്ന ആവശ്യം ശക്തം. സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പരിപാടികൾക്ക് പലപ്പോഴും വേദിയാകുന്നത് പൊലീസ് സ്റ്റേഷനോടു ചേർന്നുള്ള ഈ മുനിസിപ്പൽ പാർക്കും ഓപ്പൺ ഓഡിറ്റോറിയവുമാണ്. നഗര തിരക്കുകൾക്ക് മദ്ധ്യേയാണെങ്കിലും വളരെ ശാന്തമായ ഒരിടമാണ് ഇവിടം.

എന്നാൽ പാർക്കിന്റെ ഒരു ഭാഗം ദുർഗന്ധപൂരിതമാണ്. പാർക്കിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നവർക്ക് മാലിന്യം ഉപേക്ഷിക്കുന്നതിനായി ഉണ്ടായിരുന്ന ബിന്നുകൾ അപ്രത്യക്ഷമായിട്ട് മാസങ്ങളായി. അതിനാൽ ഭക്ഷണമാലിന്യങ്ങൾ പാർക്കിൽ കെട്ടിക്കിടക്കുകയാണ്. സുരക്ഷ ഏർപ്പെടുത്തി പാർക്ക് നവീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

വേണം ടോയ്‌ലെറ്റ്

ടൗണിൽ ടോയ്‌ലെറ്റ് സൗകര്യമില്ലാത്തതിനാൽ പലരും പാർക്കിലാണ് കാര്യം സാധിക്കുന്നത്.പാർക്കിലെ ടോയ്‌ലെറ്റുകൾ പൂട്ടിക്കിടക്കുന്നതിനാൽ തുറസായ സ്ഥലത്താണ് മൂത്രമൊഴിക്കുന്നത്. അതിനാൽ ദുർഗന്ധപൂരിതമാണ് പ്രദേശം.പാർക്കിനു സമീപത്ത് മുൻപുണ്ടായിരുന്ന ടോയ്‌ലെറ്റ് ബ്ലോക്ക് ഇടിച്ചു മാറ്റി പുതിയത് സ്ഥാപിച്ചിട്ടുണ്ട്.എന്നാൽ ഇത് തുറന്ന് നൽകിയിട്ടില്ല. ടേക് എ ബ്രേക്ക് കെട്ടിടം ഇക്കഴിഞ്ഞ ജനുവരിയിൽ യാഥാർത്ഥ്യമായെങ്കിലും ഇതിലെ ടോയ്‌ലെറ്റ് ബ്ലോക്കും പൂട്ടിക്കിടക്കുകയാണ്.

അപകട ഭീഷണിയായി തണൽമരങ്ങൾ

പാർക്കിനോടു ചേർന്ന് പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിൽക്കുന്ന കാലപ്പഴക്കം വന്ന മരവും പാർക്കിനുള്ളിലെ തണൽ മരത്തിന്റെ ഉണങ്ങിയ ശിഖരങ്ങളും ഏതുസമയവും വീഴാം. സമീപത്തെ മുനിസിപ്പൽ ബങ്ക് കടകളുടെ പിന്നിലായി പുതുതായി നിർമ്മിക്കുന്ന സബ് രജിസ്ട്രാർ ഓഫീസ് കെട്ടിട കോമ്പൗണ്ടിൽ സ്ഥിതിചെയ്യുന്ന കൊന്നത്തെങ്ങും അപകടാവസ്ഥയിലാണ്.പാർക്കിലെത്തുന്നവർക്കും റോഡിലൂടെ യാത്ര ചെയ്യുന്നവർക്കും സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും ഈ മരങ്ങൾ ഭീഷണിയാണ്.

പരസ്യ മദ്യപാനകേന്ദ്രം

പാർക്കിൽ സ്ഥാപിച്ചിട്ടുള്ള വൈദ്യുതി പോസ്റ്റുകൾ തുരുമ്പെടുത്ത് നശിച്ചു.സമീപത്തെ സ്ഥാപനങ്ങളിൽ നിന്നുള്ള ലൈറ്റുകളുടെ നേരിയ വെളിച്ചമാണ് പാർക്കിനുള്ളിലുള്ളത്.ഇതുമൂലം പരസ്യ മദ്യപാനകേന്ദ്രമായി പാർക്ക് മാറി. മദ്യപിച്ച് ബോധരഹിതരായി നിലത്ത് ഉറങ്ങുന്നവരെയും പാർക്കിൽ കാണാം.പകൽ സമയങ്ങളിലും സ്ഥിതി വിഭിന്നമല്ല.വർക്കല ഡി.വൈ.എസ്.പി ഓഫീസിനോട് ചേർന്ന് ടേക് എ ബ്രേക്ക് കെട്ടിടത്തിന്റെ മുന്നിലും സമീപത്തെ അടഞ്ഞുകിടക്കുന്ന പഴയ റെയിൽവേ ഗേറ്റിന് സമീപവും സമൂഹ്യവിരുദ്ധ ശല്യമുണ്ട്.