photo

തിരുവനന്തപുരം: നെടുനീളൻ റെയിൽവേ പ്ളാറ്റ്ഫോമിന്റെ അറ്റത്ത് മാലിന്യം ചാക്കിൽക്കെട്ടി തള്ളിയിരിക്കുന്നു. ചാക്കുകളിൽ ഈച്ചകൾ പൊതിഞ്ഞിരിക്കുന്നു. മാലിന്യക്കവറുകൾ കൊത്തിപ്പറിച്ച് കാക്കക്കൂട്ടം ഇരമ്പിപ്പറക്കുന്നു. ദിവസവും 50ഓളം ട്രെയിനുകളിലായി ആയിരക്കണക്കിന് യാത്രക്കാർ വന്നുപോകുന്ന കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലാണ് ഈ ദയനീയ സ്ഥിതി.

ഈ കൂമ്പാരത്തിന് മുകളിലേക്ക് തൊഴിലാളികൾ ദിവസവും പ്ളാസ്റ്റിക് കവറുകളും ചാക്കുകളും നിക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്. മാലിന്യം തേടി ധാരാളം തെരുവുനായ്ക്കളും പ്ളാറ്റ്ഫോമിലേക്ക് എത്തുന്നുണ്ട്. ആമയിഴഞ്ചാൻ തോട്ടിലെ ദുരന്തത്തെ തുടർന്നാണ് മാലിന്യനീക്കത്തിലും സംസ്കരണത്തിലുമുള്ള റെയിൽവേയുടെ അനാസ്ഥ ചർച്ചയാവുന്നത്. വിമാനത്താവളത്തിൽ വർദ്ധിച്ചുവരുന്ന പക്ഷിശല്യത്തിന് കാരണവും സമീപ പ്രദേശങ്ങളിൽ കുന്നുകൂടിക്കിടക്കുന്ന മാലിന്യമാണ്. പകർച്ചവ്യാധിയുൾപ്പെടെ പലവിധ രോഗങ്ങൾക്കും കാരണമായേക്കുന്ന ഈ മാലിന്യക്കൂമ്പാരം മാറ്രേണ്ടത് റെയിൽവേ അധികൃതരുടെ ഉത്തരവാദിത്വമാണ്.

കടുത്ത നടപടിയിലേക്ക് കടക്കും: മന്ത്രി

മാലിന്യം നീക്കാൻ കൊച്ചുവേളി റെയിൽവേ സ്റ്രേഷൻ അധികൃതർക്ക് നിരവധി തവണ നഗരസഭ നോട്ടീസ് നൽകിയതായി മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. നടപടി ഉണ്ടാകാത്തതിനെ തുടർന്ന് സെക്രട്ടറി നേരിട്ടുപോയി പരിശോധിച്ചു. എന്നിട്ടും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രശ്നത്തിൽ കടുത്ത നടപടിയിലേക്ക് കടക്കാൻ കോർപ്പറേഷന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

മാലിന്യം ദിവസവും നീക്കുന്നുണ്ട്: റെയിൽവേ

ജൈവ- അജൈവ മാലിന്യങ്ങൾ എല്ലാ ദിവസവും റെയിൽവേ നീക്കം ചെയ്യുന്നുണ്ട്. പ്ളാസ്റ്റിക് മാലിന്യങ്ങൾ കരാറുകാർക്ക് കഴിയുന്നത്ര അളവിലേ ദിവസവും നീക്കം ചെയ്യാനാകൂ. ഇത്തരം പായ്ക്കറ്റുകളാണ് കൊച്ചുവേളി സ്റ്റേഷനിലുള്ളത്. ക്രമേണ കരാറുകാർ ഇവ നീക്കും. മറ്റ് സംസ്ഥാനങ്ങളിൽ മാലിന്യനീക്കത്തിന് അതത് തദ്ദേശസ്ഥാപനങ്ങളുമായി റെയിൽവേക്ക് കരാറുണ്ട്. ഇവിടെ സ്വകാര്യ കരാറുകാരാണ് മാലിന്യം ശേഖരിക്കുന്നത്.