വെള്ളറട: തെക്കൻമലയോര കാർഷിക കുടിയേറ്റത്തിന്റെ നവതി ആഘോഷം ഇന്ന് അമ്പൂരിയിൽ നടക്കും.അമ്പൂരി-മായം സെന്റ് മേരീസ് ഇടവകയുടെ ആഭിമുഖ്യത്തിലാണ് ആഘോഷം.ജില്ലയിലെ ആദ്യ കുടിയേറ്റ പ്രദേശമാണ് അമ്പൂരി,കള്ളിക്കാട്,മായം,പന്ത,കരിമാംകുളം. ആദ്യകാലത്ത് കുടിയേറിയ കർഷകർ മലയോരമേഖലയിൽ കൃഷിയിറക്കി ഉപജീവനം കണ്ടെത്തിയിയിരുന്നു.എന്നാൽ ഇന്ന് വന്യമൃഗങ്ങളുടെ ശല്യം കാരണം കൃഷിചെയ്ത് ഉപജീവനം നടത്താൻ പറ്റാത്ത സാഹചര്യമാണ്. ഇത് നവതി ആഘോഷത്തിൽ അധികാരികളുടെ മുന്നിലെത്തിക്കാനാണ് തീരുമാനം. വൈകിട്ട് 6ന് സി.കെ ഹരീന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരും.അഭി:കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തും. നവതി ആഘോഷ പൊതുസമ്മേളനം ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. റവ:ഡോ:അമലജോസ് എസ്.എച്ച് മുഖ്യ പ്രഭാഷണം നടത്തും.കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ, അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലരാജു,ബ്ലോക്ക് പഞ്ചായത്ത് അംഗം അമ്പിളി ടി.പുത്തൂർ തുടങ്ങിയവർ സംസാരിക്കും.ഫാ: മാത്തുക്കുട്ടി മൂന്നാറ്റിൻമുഖം സ്വാഗതവും തോമസ് ജോർജ് കവലയിൽ നന്ദിയും രേഖപ്പെടുത്തും. നാലു മണിക്ക് നവതി സ്മാരക കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് നിർവഹിക്കും.