
കല്ലറ: കല്ലറയിലെ കുടുംബശ്രീ യൂണിറ്റിന്റെ ബനാന ഹെൽത്ത് മിക്സ് ഇനി ആമസോണിലും.കല്ലറ പഞ്ചായത്ത് മിതൃമ്മല വാർഡിലെ ശിവശക്തി കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തിലുള്ള ശിവം ജെ.എൽ.ജി (കൃഷിക്കൂട്ടം) തയാറാക്കിയ 'പൊന്നു ബനാന ഹെൽത്ത് മിക്സാണ് വിപണിയിൽ എത്തിയിരിക്കുന്നത്.
ഏത്തക്കായ ഉപയോഗിച്ച് മായം കലരാതെ തയ്യാറാക്കുന്ന മിക്സാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാം. കല്ലറ കൃഷിഭവനിൽ നടന്ന ചടങ്ങിൽ വെള്ളനാട് മിത്രനികേതനിലെ സീനിയർ സയന്റിസ്റ്റ് ഡോ.ബിനു ജോൺ സാം ആണ് പുറത്തിറക്കിയത്. കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ജെ.ലിസി ചടങ്ങ് ഉദ്ഘാടനം ചെയ്തു.വാമനപുരം കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.സ്മിത ആദ്യ വില്പന നിർവഹിച്ചു. ശിവം ജെ.എൽ.ജി പ്രസിഡന്റ് തുളസി ജയപ്രകാശ് അദ്ധ്യക്ഷയായി.വാർഡ് മെമ്പർ അഡ്വ.ബാലചന്ദ്രൻ,കല്ലറ കൃഷി ഓഫീസർ സുകുമാരൻ നായർ,തെങ്ങുംകോട് വാർഡ് മെമ്പർ എൽ.ശ്രീകല,കല്ലറ സി.ഡി.എസ് ചെയർ പേഴ്സൺ അഡ്വ.ദീപ തുടങ്ങിയവർ പങ്കെടുത്തു. ശില്പ ജിത്തു സ്വാഗതവും അതുല്യ ജ്യോതി നന്ദിയും പറഞ്ഞു.
വെള്ളനാട് മിത്ര നികേതൻ(കെ.വി.കെ),കഴക്കൂട്ടം (ആർ.എ.ടി.ടി.സി),ശ്രീകാര്യം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം, വാമനപുരം കൃഷി അസിസ്റ്റന്റ് ഡയറക്ടർ,കല്ലറ കൃഷിഭവൻ എന്നിവരുടെ സഹായത്തോടെയാണ് ശിവം ജെ.എൽ.ജി ഹെൽത്ത് മിക്സ് തയ്യാറാക്കിയിരിക്കുന്നത്.