വെള്ളറട: മഴശക്തമായ സാഹചര്യത്തിൽ മലയോര മേഖലയിലെ തൊഴിൽ മേഖലകൾ സ്തംഭിച്ചു. ഇതോടെ തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാണ്. മാസങ്ങളായി തുടരെ പെയ്യുന്ന മഴകാരണം കൃത്യമായി ജോലിക്കുപോകാൻ പലർക്കും കഴിയാറില്ല. കെട്ടിട നിർമ്മാണ മേഖലയിലെ തൊഴിലാളികളാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഒപ്പം മലയോര മേഖലയിലെ പ്രധാന വരുമാന സ്രോതസായ ടാപ്പിംഗ് ജോലിയും പെരുവഴിയിലായി. വേനലിൽ നിർത്തിയ ടാപ്പിംഗ് തുടങ്ങിയതും മഴയുമെത്തി. ഇതുകാരണം ടാപ്പിംഗ് തൊഴിലാളികളും ചെറുകിട റബർ കർഷകരും ഇപ്പോൾ ദാരിദ്ര്യത്തിലാണ്. ഒപ്പം ഓണം ലക്ഷ്യമാക്കി നട്ട പച്ചക്കറികളും പൂകൃഷിയുമെല്ലാം വെള്ളത്തിലായ അവസ്ഥയിലാണ്.
ഇരട്ടി പ്രഹരമായി മഴ
അസംസ്കൃത വസ്തുക്കൾ കിട്ടാതായതോടെ കെട്ടിട നിർമ്മാണ മേഖല നിലച്ചിട്ട് നാളുകളേറെയായി. കെട്ടിടനിർമ്മാണത്തിനാവശ്യമായ പാറപ്പൊടിയും എംസാൻഡും തമിഴ്നാട്ടിൽ നിന്നും എത്തിയാൽ മാത്രമേ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയുള്ളു. എന്നാൽ കൂടിയ വിലനൽകി സാധനം തമിഴ്നാട്ടിൽ നിന്നും വാങ്ങിയാലും അതിർത്തി ചെക്കുപോസ്റ്റുകൾ കടന്ന് കേരളത്തിൽ എത്താൻ പാറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ അവസ്ഥയിൽ ഭാഗികമായും സ്തംഭിച്ചിരുന്ന നിർമ്മാണ മേഖല മഴശക്തമായതോടെ പൂർണമായും നിലച്ചു.
പ്രതിസന്ധിയിൽ
നിർമ്മാണത്തൊഴിലാളികളും ടാപ്പിംഗ് തൊഴിലാളികളും പണിചെയ്യാൻ കഴിയാതെ വന്നതോടെ പ്രതിസന്ധിയിലായിരിക്കുന്നത് കെട്ടിട നിർമ്മാണ ഉടമകളാണ്. വീടുകളുടെ നിർമ്മാണം പൂർത്തിയാകാത്തതിനാൽ വീട്ടുടമകൾ പെരുവഴിയിലാണ്. താത്കാലിക ഷെഡ് നിർമ്മിച്ച് താമസിക്കുന്നവർ മഴ കൂടിവന്നതോടെ ഇവർ പ്രതിസന്ധിയിലാണ്.