ആറ്റിങ്ങൽ: ശമ്പളം മുടങ്ങിയതിനെ തുടർന്ന് 108 ആംബുലൻസ് ജീവനക്കാർ പ്രതിഷേധത്തിനൊരുങ്ങുന്നു. എല്ലാ മാസവും 7ന് മുൻപ് ശമ്പളം നൽകുമെന്ന ഉറപ്പുകൾ ലംഘിച്ച ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസ് കമ്പനിക്കെതിരെയാണ് കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയിസ് യൂണിയൻ (സി.ഐ.ടി.യു)പ്രതിഷേധിക്കുന്നത്. ഇന്നുമുതൽ പ്രതിഷേധമാരംഭിക്കും.
ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് (ഐ.എഫ്.ടി)കേസുകളെടുക്കാതെയാണ് പ്രതിഷേധമാരംഭിക്കുന്നത്. എന്നാൽ അടിയന്തര സർവീസുകളായ റോഡപകടങ്ങളിൽപ്പെടുന്നവരെയും, വീടുകളിലുള്ള രോഗികളെയും ആശുപത്രികളിലെത്തിക്കും. കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ നൽകാത്ത സാഹചര്യത്തിലാണ് സമരമാരംഭിക്കുന്നതെന്ന് യൂണിയൻ ജില്ലാ പ്രസിഡന്റ് അഞ്ചുതെങ്ങ് സുരേന്ദ്രനും ജനറൽ സെക്രട്ടറി സുബിൻ.എസ്.എസും അറിയിച്ചു.