തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ ഒരു പാവപ്പെട്ട തൊഴിലാളിയുടെ ജീവൻ നഷ്ടമായത് നഗരസഭ പാഠമാക്കിയില്ലെങ്കിൽ വരാനിരിക്കുന്നത് വലിയ ദുരന്തമാണ്. ശുചിത്വ സുന്ദര അനന്തപുരിയെന്നത് വാക്കുകളിൽ മാത്രമാണ്.നഗരത്തിന്റെ ഏത് പ്രദേശത്ത് എത്തിയാലും ഒരു മൂലയ്ക്ക് മാലിന്യം കുന്നുകൂടി കിടക്കുന്നത് കാണാം.
റോഡും തോടും മാലിന്യബിന്നുകളായി മാറിയ കാഴ്ചയാണ് എവിടെയും. ഉപയോഗശൂന്യമായ വീട്ടുപകരണങ്ങൾ ഉൾപ്പെടെ കിള്ളിയാറിൽ തള്ളിയത് കണ്ടെത്തിയിട്ടുണ്ട്.
മാലിന്യസംസ്കരണ പദ്ധതികളിലുണ്ടാകുന്ന വീഴ്ചയും കൃത്യമായ മേൽനോട്ടമില്ലായ്മയുമാണ് മാലിന്യ സംസ്കരണം അവതാളത്തിലായതെന്ന് അടിവരയിട്ട് പറയേണ്ടിവരും. പലതരത്തിലുള്ള ആക്ഷേപങ്ങളും വിവാദങ്ങളുമുണ്ടായെങ്കിലും ഇതിന് പരിഹാരം കാണാൻ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല.
ചാക്കിൽക്കെട്ടിയും കവറിൽ കെട്ടിയും പലരും മാലിന്യം തള്ളുന്നുണ്ട്. ഇതിൽ അറവുമാലിന്യങ്ങളും ഉൾപ്പെടും.ഇത് തെരുവുനായ്ക്കളും പക്ഷികളുമുൾപ്പെടെ വലിച്ചിഴച്ച് വീടുകളുടെ പരിസരത്തും സ്കൂളുകളുടെ പരിസരത്തും നിക്ഷേപിക്കുന്നത് പതിവാണ്.
മാലിന്യനയം മറന്നോ നഗരസഭ ?
നഗരത്തിന്റെ മാലിന്യ നയമെന്നുള്ളത് ഉറവിട മാലിന്യ സംസ്കരണമാണ്. എന്നാൽ നഗരസഭ അത് മറന്നിട്ട് വർഷങ്ങളായെന്നുവേണം കരുതാൻ. അത് ഓർത്ത് പ്രവർത്തിച്ചിരുന്നെങ്കിൽ അനന്തപുരി ഇന്ന് മാലിന്യനഗരമെന്ന പേര് കേൾക്കേണ്ടിവരില്ലായിരുന്നു. മാറി വരുന്ന ഭരണസമിതികളുടെ പിടിപ്പുകേടാണ് ഇതെന്ന് പറയാതെ വയ്യ.
കിച്ചൺ ബിൻ
കിച്ചണിലൊതുക്കിയോ
ഉറവിട മാലിന്യ സംസ്‌കരണ പ്രവർത്തനം ശക്തമാക്കുന്നതിന് സ്ഥാപിച്ച ബയോ കമ്പോസ്റ്റർ കിച്ചൺ ബിന്നുകൾ പ്രവർത്തനരഹിതമായതും മാലിന്യ സംസ്കരണത്തിന്റെ താളം തെറ്റിച്ചു. 50,000 എണ്ണം 10 കോടിയോളം രൂപ മുടക്കി വിതരണം ചെയ്തുവെന്നാണ് കണക്ക്. എന്നാൽ ഇതിന്റെ പരിപാലനം കൃത്യമായി നിരീക്ഷിക്കാത്തതുമൂലം പ്രവർത്തിക്കുന്നത് 1000ൽ താഴെ മാത്രം. കൗൺസിലർമാരുടെയും ഉദ്യോഗസ്ഥരുടെയും വീടുകളിൽ സ്ഥാപിച്ചിരിക്കുന്ന കിച്ചൺ ബിന്നുകൾ പോലും പ്രവർത്തിക്കുന്നില്ല.
അറവുമാലിന്യവും ജലത്തിൽ
നഗരത്തിൽ പ്രവർത്തിക്കുന്ന അറവുശാലകളിൽ നിന്നുള്ള മാലിന്യങ്ങൾ ജലാശയങ്ങളിൽ നിക്ഷേപിക്കുന്നുവെന്ന് നഗരസഭ കണ്ടെത്തിയിരുന്നു. രാത്രികാലങ്ങളിലാണ് വാഹനങ്ങളിലെത്തിച്ച് വൻതോതിൽ മാലിന്യം ജലാശയങ്ങളിൽ നിക്ഷേപിക്കുന്നത്. നഗരത്തിലെ അറവുമാലിന്യം ശേഖരിച്ച് സംസ്കരിക്കുന്നത് സ്വകാര്യ ഏജൻസികളാണെന്നാണ് നഗരസഭയുടെ വിശദീകരണം. എന്നാൽ നഗരത്തിലെ പ്രധാന ജലസ്രോതസായ കിള്ളിയാർ, കരമനയാർ എന്നിവിടങ്ങളിലും ആമയിഴഞ്ചാൻ തോട്,തെക്കനക്കന കനാൽ എന്നിവിടങ്ങളിലും മാലിന്യം തള്ളുന്നുണ്ടെന്ന് നഗരസഭ തന്നെ കണ്ടെത്തിയിട്ടുണ്ട്. ഇത് മറച്ചുവച്ച് അറവുമാലിന്യ നിക്ഷേപത്തിന് കുടപിടിക്കുകയാണ് നഗരസഭ ചെയ്യുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.