31

ഉദിയൻകുളങ്ങര: ജോലി കഴിഞ്ഞു വൈകുന്നേരങ്ങളിൽ അമ്മ മേരിക്കുള്ള പലഹാരപ്പൊതിയുമായാണ് ജോയി വീട്ടിലെത്താറുള്ളത്. എന്നാൽ,​ ഇന്നലെ ചേതനയറ്റ് ജോയി അവസാനമായി വീട്ടിലെത്തുമ്പോൾ കൈയിൽ പലഹാരപ്പൊതി ഉണ്ടായിരുന്നില്ല. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയ്ക്ക് രണ്ടരയോടെയാണ് ജോയിയുടെ മൃതദേഹം സഹോദരൻ കോശിയുടെ വീട്ടിലെത്തിച്ചത്. മൃതദേഹം എത്തിയതോടെ മേരിയും ജോയിയുടെ ഇരട്ടസഹോദരിമാരായ ജെയ്സിയും ജോളിയും വാവിട്ടു കരഞ്ഞു. ഇനി എനിക്ക് ആരുണ്ടെന്ന മേരിയുടെ വിലാപം നാട്ടുകാരുടെയും കണ്ടുനിന്നവരുടെയും നെഞ്ചിൽ വന്നലച്ചു. എന്തെങ്കിലും വഴിയുണ്ടായിരുന്നെങ്കിൽ അവൻ നീന്തി രക്ഷപ്പെടുമായിരുന്നു. ഏത് ജോലിക്ക് പോകാനും അവന് ഒരു മടിയും ഉണ്ടായിരുന്നില്ല - പൊട്ടിക്കരയുകയായിരുന്ന മേരിയെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും മേയർ ആര്യ രാജേന്ദ്രനും കുഴങ്ങി.

ഒരു മണിക്കൂറോളം മൃതദേഹം അവിടെ പൊതുദർശനത്തിനു വച്ചു. ഹൃദയഭേദകമായിരുന്നു വീട്ടിലെ അന്തരീക്ഷം. പിന്നീട് തൊട്ടടുത്തു തന്നെയുള്ള മലഞ്ചെരിവ് വീട്ടിലേക്ക് ജോയി അവസാനമായെത്തി. നേരെ ചൊവ്വേ ഒരു വഴി പോലുമില്ലാത്ത ഒറ്റമുറി വീട്ടിലേക്ക് ഉറ്റവർ ജോയിയെ ചുമന്നാണെത്തിച്ചത്. അല്പനേരത്തിനു ശേഷം വീടിന് സമീപത്തെ കോണിൽ മൃതദേഹം സംസ്‌കരിച്ചു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, ബി.ജെ.പി നേതാവ് വി.വി. രാജേഷ്

നെയ്യാറ്റിൻകര തഹസീദാർ ജി. വിനോദ് കുമാർ,​ കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എം.എസ്.അനിൽ,​ പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേന്ദ്രൻ,​ ബ്ളോക്ക് പ്രസിഡന്റ് താണുപിള്ള തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.

വീടെന്ന സ്വപ്നം ബാക്കി

അമ്മയ്ക്കും തനിക്കുമായി സ്വന്തമായി ഒരു കിടപ്പാടം എന്ന സ്വപ്നം ബാക്കിയാക്കിയാണ് ജോയിയുടെ മടക്കം. സഹോദരിക്ക് എഴുതി നൽകിയ ഒരു സെന്റ് വസ്തുവിലെ ഒറ്റമുറി വീട്ടിൽ ഇനി മേരി തനിച്ചാണ്. സ്വന്തമായി മൊബൈൽ ഫോൺ ഇല്ലെങ്കിലും ജോലിക്കിടെ സുഹൃത്തുക്കളുടെ ഫോണിൽ നിന്ന് അമ്മയെ രണ്ടു തവണയെങ്കിലും ജോയി വിളിക്കുമായിരുന്നു. അപകടത്തിന് മൂന്നുദിവസം മുമ്പ് ആമയിഴഞ്ചാൻ തോട്ടിലെ പണിക്ക് വന്നപ്പോഴും കോൺട്രാക്ടറുടെ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. മാരായമുട്ടത്തെ ആദ്യകാല ഹരിത കർമ്മസേനാ പ്രവർത്തകനുമായിരുന്നു ജോയി.