തിരുവനന്തപുരം: നഗരത്തിലെ മാലിന്യ സംസ്കരണത്തിന് ബഡ്ജറ്റിൽ പ്രഖ്യാപനം നടത്തി കൈയടി വാങ്ങുന്നതല്ലാതെ നടപ്പാക്കാൻ നഗരസഭ മെനക്കെടാറില്ല. പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കാൻ ആർ.ഡി.എഫ് (റെഫ്യൂസ് ഡിറൈവ്ഡ് ഫ്യൂവൽ പ്ലാന്റ്) സ്ഥാപിക്കുമെന്നായിരുന്നു ഈ വർഷത്തെ പ്രധാന പ്രഖ്യാപനം. ജൈവമാലിന്യ നിർമ്മാർജനത്തിനുള്ള തുമ്പൂർമുഴി എയ്റോബിക് ബിൻ യൂണിറ്റുകളുടെ എണ്ണം 750 ആയി വർദ്ധിപ്പിക്കും, 100 വാർഡുകളിൽ വിവിധ മാലിന്യ സംസ്‌കരണ പ്രവൃത്തികൾക്കായി 50 കോടി രൂപ മാറ്റിവച്ചു, തീരദേശമേഖലയുടെ ശുചീകരണത്തിന് മാത്രമായി 'നിർമ്മലതീരം" പദ്ധതി നടപ്പാക്കും തുടങ്ങിയവയായിരുന്നു മറ്റ് പ്രഖ്യാപനങ്ങൾ. ഇതെല്ലാം വാക്കിലൊതുങ്ങി. അപ്രായോഗികമാണെന്ന് അറിയാമായിരുന്നിട്ടും ജനത്തിന്റെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രമാണ് പ്രഖ്യാപിച്ചത്.
2023ലെ ബഡ്ജറ്റിൽ മാലിന്യ പാക്കേജിന് 43 കോടിയാണ് വകയിരുത്തിയത്. ഒരുലക്ഷം വീടുകളിൽ ബയോ/കിച്ചൺ ബിൻ സ്ഥാപിക്കും, തുമ്പൂർമുഴികൾ 100 എണ്ണമാക്കും, ഇ- വേസ്റ്റ്, നാപ്കിൻ, ഡയപ്പർ നീക്കത്തിന് പദ്ധതികൾ രൂപീകരിക്കും, മാലിന്യനീക്കം നിരീക്ഷിക്കാൻ 24 മണിക്കൂർ പ്രവർത്തിക്കുന്ന കാൾ സെന്റർ ആരംഭിക്കും തുടങ്ങിയവയും പ്രഖ്യാപനത്തിലൊതുങ്ങി.
കായൽ പദ്ധതികളും വെളിച്ചം കണ്ടില്ല
നഗര ഹൃദയത്തിലൂടെ കടന്നുപോകുന്ന ആറുകളിലേയും തോടുകളിലേയും വെള്ളം സുഗമമായി കടലിലേക്ക് ഒഴുകാനായി വേളി പൊഴിയെ അഴിയാക്കാനും പനത്തുറ കുന്നുമണൽ ഭാഗത്ത് ചെറുകനാൽ നിർമ്മിക്കുന്നതിനുമായി പ്രഖ്യാപിച്ച പദ്ധതികളും ജലരേഖയായി. പലപ്പോഴും പൊഴിമുഖങ്ങൾ മണ്ണ് മൂടി അടയുന്നതിനാൽ തോടുകളിൽ നിന്നും ആറുകളിൽ നിന്നുമുള്ള വെള്ളം കടലിലേക്ക് ഒഴുകാറില്ല. മഴക്കാലത്ത് ആറുകളും തോടുകളും കരകവിഞ്ഞ് നഗരം വെള്ളക്കെട്ടിലാവുമ്പോഴാണ് ഇറിഗേഷൻ അധികൃതർ കരാറുകാരെ വച്ച് പൊഴികൾ മുറിച്ച് കുന്നുകൂടി കിടക്കുന്ന മാലിന്യവും വെള്ളവും കടലിലേക്ക് ഒഴുക്കിവിടുന്നത്. ഇതിന് ശാശ്വത പരിഹാരം കാണാനാണ് ബ്രേക്ക് വാട്ടർ പദ്ധതി പ്രഖ്യാപിച്ചത്.
വേളിപൊഴിക്ക് 23 കോടിയും പൂന്തുറ പനത്തുറ കുന്നുമണൽ ചെറുകനാൽ നിർമ്മാണത്തിന് 10 ലക്ഷവുമാണ് അനുവദിച്ചത്. വേളിയിൽ കടലും കായലും സന്ധിക്കുന്നിടത്ത് ഇരുവശങ്ങളിലും 220 മീറ്റർ നീളത്തിലും വീതിയിലും രണ്ട് പുലിമുട്ടുകൾ നിർമ്മിച്ച് കായലിൽ നിന്നുള്ള വെള്ളം കടലിലേക്ക് സുഗമമായി ഒഴുക്കി വിടാനാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി ന്യൂമറിക്കൽ പഠനം നടത്തി, പദ്ധതിക്ക് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭ്യമാക്കിയിരുന്നു.
ഇഴച്ചത് അധികൃതരുടെ അനാസ്ഥ
2009ൽ ജൻറം പദ്ധതിയിലുൾപ്പെടുത്തി വേളിയെ അഴിമുഖമാക്കാനുള്ള ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ അധികൃതരുടെ അനാസ്ഥ കാരണം ഈ തുക നഷ്ടമായി. 2015ൽ പദ്ധതിക്ക് വീണ്ടും പാരിസ്ഥിതികാനുമതി ലഭിച്ചെങ്കിലും തുക വകമാറ്റി ചെലവഴിച്ചതിനാൽ അന്നും വെളിച്ചം കണ്ടില്ല. പിന്നീട് പദ്ധതി യാഥാർത്ഥ്യമാക്കാൻ പല തവണ ദർഘാസ് നടപടികൾ ആരംഭിച്ചെങ്കിലും നടന്നില്ല. ഉന്നത ഇടപെടലുകൾ കാരണം അഴിമുഖത്തിന്റെ നിർമ്മാണം ആരംഭിക്കാനാകാത്ത അവസ്ഥയിലാണ് തുറമുഖ വകുപ്പ് എൻജിനിയറിംഗ് വിഭാഗം.