തിരുവനന്തപുരം: മാരുതി കാറിന്റെ ക്രാങ്ക് ഷാഫ്റ്റ് കറങ്ങുന്ന നിലവിളക്കായി. ബുള്ളറ്റിന്റെ ചെയിൻ ഉപയോഗിച്ച് റിമോർട്ട് കൺട്രോൾ ഗേറ്റ്. വാഹനങ്ങളുടെ സ്പെയർ പാർട്സ് കൊണ്ട് ക്ലോക്ക്. തന്റെ ഉപജീവനമാർഗമായ മെക്കാനിക്കൽ ജോലി സർഗാത്മകമായി ഉപയോഗപ്പെടുത്തുകയാണ് ബാലരാമപുരം താന്നിമൂട് കോഴോട് ശ്യാമളാലയത്തിൽ ശൈലേന്ദ്രന്റേയും ശ്യാമളയുടേയും മകനായ എസ്.എസ്.ശങ്കർ (37).
15 വർഷമായി നെയ്യാറ്റിൻകര മാരുതി ഷോറൂമിൽ മെക്കാനിക്കൽ ജീവനക്കാരനാണ് അവിവാഹിതൻ ശങ്കർ. പഠനത്തിൽ പിന്നാക്കമായിരുന്നതിനാൽ പത്താം ക്ലാസിൽ വിദ്യാഭ്യാസം അവസാനിപ്പിച്ചു. ഐ.ടി.ഐയിൽ ചേർന്നെങ്കിലും അതും പാതി വഴിയിൽ ഉപേക്ഷിച്ചു. തുടർന്ന് നേരെ പോയത് വർക്ക്ഷോപ്പിലേക്ക്. രാത്രി 9ന് ശേഷമാണ് പണിപ്പുരയിലേക്ക് കടക്കുക. അത് ചിലപ്പോൾ പാതിരാത്രി വരെ നിണ്ടുപോകും.
മാസങ്ങളുടെ പ്രയത്നം
ആവശ്യത്തിനനുസരിച്ചുള്ള സ്പെയർ പാർട്സുകൾ ലെയ്ത്തിൽ കൊടുത്ത് കട്ട് ചെയ്തു വാങ്ങും. മണിക്കൂറുകളെടുത്താണ് ചെറിയ ഇലക്ട്രിക് മോട്ടോറുകൾ ഘടിപ്പിച്ച കറങ്ങുന്ന നിലവിളക്ക് നിർമ്മിച്ചത്. സ്വന്തം വീടിന്റെ ഗേറ്റിലാണ് റിമോട്ട് കൺട്രോൾ ഗേറ്റ് സ്ഥാപിച്ചത്. കാറിന്റെ വൈപ്പർ മോട്ടോർ, ബൈക്ക് ചെയിൻ, ബാറ്ററി എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. നിയന്ത്രിക്കാൻ ചുരുങ്ങിയ ചെലവിൽ റിമോട്ട് വാങ്ങി. ആറു മാസം കൊണ്ടാണ് ചെറിയ വീലുകൾ, ചെയിൻ, ക്ലോക്ക് മെഷീൻ എന്നിവ ഉപയോഗിച്ച് ക്ലോക്ക് നിർമ്മിച്ചത്. ചലനത്തിനനുസരിച്ച് ചെയിനും വീലുകളും കറങ്ങും.