തിരുവനന്തപുരം: ലിഫ്‌റ്റിൽ കുടുങ്ങി രണ്ടുപകലും രാത്രിയും ഭക്ഷണവും വെള്ളവുമില്ലാതെ മരണം മുന്നിൽക്കണ്ട മണിക്കൂറുകളിലും സി.പി.ഐയുടെ തലസ്ഥാനത്തെ കരുത്തുറ്റ നേതാവായ രവീന്ദ്രൻ നായർ (59) ആത്മബലം കൈവിട്ടില്ല. രണ്ടുമാസത്തിലേറെയായി നടുവിന്റെ തേയ്‌മാനത്തിന് ചികിത്സയിലായിരുന്നു. ഇതിന്റെ ഭാഗമായാണ് ശനിയാഴ്ച ഓർത്തോ ഒ.പിയിലെത്തിയത്. ഡോക്ടറെ കാണാൻ വേണ്ടി ലിഫ്റ്റിൽ കയറി. പൊടുന്നനെ ലിഫ്‌റ്റ് അതിവേഗത്തിൽ താഴേക്ക് പതിക്കുകയായിരുന്നു. ലിഫ്റ്റിൽ പലവട്ടം മുട്ടി, വാതിലുകൾ തുറക്കാൻ ശ്രമിച്ചു, പക്ഷേ ഫലമുണ്ടായില്ല. രവീന്ദ്രൻ പറഞ്ഞു. ലിഫ്റ്റിലെ അലാം സ്വിച്ച് പലവട്ടം അമർത്തിയെങ്കിലും ആരും എത്തിയില്ല. ഇരുട്ടടി പോലെ കൈയിലുണ്ടായിരുന്ന മൊബൈലും തകരാറിലായി. പിന്നെ ഒന്നരദിവസത്തോളം നരകയാതനയായിരുന്നു. മറ്റുവഴികളില്ലാതെ ലിഫ്റ്റിൽ തന്നെ മലമൂത്ര വിസർജനം നടത്തേണ്ടിവന്നു- രവീന്ദ്രൻ പറഞ്ഞു. മലമൂത്ര വിസർജനത്തിൽ അവശനിലയിലാണ് ഇന്നലെ രവീന്ദ്രനെ കണ്ടെത്തിയത്. ഒന്നരദിവസം എങ്ങനെ അതിജീവിച്ചെന്ന് രവീന്ദ്രനും അറിയില്ല.
നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയ രവീന്ദ്രൻ പൊലീസ് മർദ്ദനങ്ങൾക്കും ഇരയായിട്ടുണ്ട്. തിരുമല ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന ഇദ്ദേഹം ചികിത്സാർത്ഥം ഉള്ളൂരിലേക്ക് താമസം മാറിയിരുന്നു. ഇതോടെ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ചുമതല ഒഴിഞ്ഞു.