തിരുവനന്തപുരം: പതിനായിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന മെഡിക്കൽ കോളേജിലെ പകുതിയോളം ലിഫ്റ്റുകളും സ്ഥിരമായി തകരാറിലാണ്. ആകെ 19 ലിഫ്റ്റുകളാണുള്ളത്. അറ്റകുറ്റപ്പണികളിലെ അനാസ്ഥയാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. രോഗികളുടെ ബാഹുല്യവും ഇടതടവില്ലാത്ത പ്രവർത്തനവുമാണ് ലിഫ്റ്റുകളുടെ തകരാറിന് കാരണമായി അധികൃതർ പറയുന്നത്. രവീന്ദ്രൻ കുടുങ്ങിയ ഒ.പി ബ്ലോക്കിലെ 11ാം നമ്പർ ലിഫ്റ്റ് മുമ്പും പലതവണ തകരാറിലായിട്ടുണ്ടെന്ന് ജീവനക്കാർ പറയുന്നു. എന്നാൽ, വെള്ളിയാഴ്ചത്തെ പരിശോധനയിലും ഈ ലിഫ്റ്റിന് തകരാറുണ്ടായിരുന്നില്ലെന്നാണ് അധികൃതരുടെ ഭാഷ്യം. ഇതിനു സമീപം കെ.എം.എസ്.സി.എല്ലിന്റെ കൗണ്ടർ ഉൾപ്പെടെ പ്രവർത്തിക്കുന്നുണ്ട്. ലിഫ്റ്റ് ഓപ്പറേറ്റർമാരായും സുരക്ഷാ ജീവനക്കാരായും നിരവധി പേർ സദാസമയം ഡ്യൂട്ടിക്കുള്ള സ്ഥലത്താണ് ഒന്നര ദിവസം ഒരാൾ നരകയാതന അനുഭവിച്ചത്.
ആശുപത്രിയിലെ കാലാവധി കഴിഞ്ഞ നിരവധി ലിഫ്റ്റുകൾ മാറ്റി സ്ഥാപിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. അറ്റകുറ്റപ്പണി നടത്തുന്ന കമ്പനികൾക്ക് കൃത്യമായി പണം നൽകാത്തതിനാൽ തകരാറുണ്ടായാലും അവർ ഇടപെടില്ല. ഇന്നലത്തെ സംഭവത്തിന് പിന്നാലെ ലിഫ്റ്റ് തകരാറിലാണെന്ന ബോർഡ് വച്ചു. അതേസമയം സ്‌കാനിംഗ് വിഭാഗത്തിലെ ലിഫ്റ്റുകളിൽ ഒരെണ്ണം ഇന്നലെ കേടായി. ലിഫ്റ്റുകൾ തകരാറിലായാൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പടികളാണ് ശരണം.