1

തിരുവനന്തപുരം: ആഹ്ളാദം നിറയുന്ന മനസുമായാണ് ഐ.ടി മിഷൻ ഡയറക്ടറായ അനുകുമാരി തിരുവനന്തപുരം കളക്ടറുടെ കസേരയിലേക്കെത്തുന്നത്. ദൈവത്തിന്റെ സ്വന്തം നാടിനെ ഏറെ സ്നേഹിക്കുന്ന തനിക്കേറെ പ്രിയപ്പെട്ട നഗരമാണ് തിരുവനന്തപുരമെന്ന് അനുകുമാരി കേരളകൗമുദിയോട് പറഞ്ഞു. കളക്ടർ എന്ന നിലയിൽ തിരുവനന്തപുരത്തിന്റെ ടൂറിസം സാദ്ധ്യതകൾ മെച്ചപ്പെടുത്താനുള്ള സാദ്ധ്യതകളാരായുന്ന അനുകുമാരി, വിഴിഞ്ഞം തുറമുഖ പുനരധിവാസ പ്രശ്നങ്ങൾ നിരീക്ഷിക്കുന്ന കമ്മിറ്റിയുടെ ചെയർപേഴ്സൺ എന്ന നിലയിൽ സാദ്ധ്യമായതെല്ലാം ചെയ്യുമെന്നും വ്യക്തമാക്കി. മഴക്കാലത്ത് നഗരം നേരിടുന്ന വെള്ളക്കെട്ടിന് ശാശ്വതപരിഹാരമാണ് മറ്റൊരു ലക്ഷ്യം.

മുൻപ് ഒരുവർഷം തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടറായിരുന്നു.ഹരിയാനയിലെ സോനിപത്ത് സ്വദേശിയാണ്.2018ലെ സിവിൽ സർവീസ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടി.തലശേരി സബ് കളക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒമ്പത് വർഷം സ്വകാര്യമേഖലയിൽ ജോലിചെയ്ത ശേഷമാണ് അനുകുമാരി സിവിൽ സർവീസിൽ പ്രവേശിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഡൽഹി ഹിന്ദു കോളേജിൽ ബി.എസ്‌ സി ഫിസിക്സും നാഗ്പൂരിൽ എം.ബി.എയും പൂർത്തിയാക്കി.വിവാഹശേഷവും സിവിൽ സർവീസെന്ന മോഹം കൈവിടാതിരുന്ന അനു

മകൻ വിയാന് രണ്ടര വയസായപ്പോൾ അമ്മയെ ഏല്പിച്ച്, ഉയർന്ന ജോലിയും ഉപേക്ഷിച്ച് പഠനം പുനഃരാരംഭിച്ചു.അച്ഛൻ ബൽജിത് സിംഗും അമ്മ സന്തരോദേവിയും സിവിൽ സർവീസ് മോഹത്തിന് പിന്തുണയുമായി കൂടെ നിന്നു. ബിസിനസുകാരനായ ഭർത്താവ് വരുൺദഹിയയും അദ്ദേഹത്തിന്റെ കുടുംബവും നൽകിയ പിന്തുണയും കരുത്തായി.സിവിൽ സർവീസ് ആദ്യശ്രമത്തിൽ ഒരു മാർക്കിന് അവസരം നഷ്ടമായപ്പോൾ പിന്മാറരുതെന്നു പറഞ്ഞ് സഹോദരനും അമ്മാവനും നൽകിയ പിന്തുണയാണ് രണ്ടാംവട്ടം ശ്രമിക്കാൻ കാരണമായതെന്ന് അവർ ഓ‍ർമ്മിക്കുന്നു. തുടർന്നാണ് 2018ലെ സിവിൽ സർവീസ് പരീക്ഷയിൽ രണ്ടാം റാങ്ക് എന്ന സ്വപ്നം സ്വന്തമാക്കിയത്.