വിഴിഞ്ഞം: വിഴിഞ്ഞത്ത് തട്ടുകടയുടമയെയും ജീവനക്കാരനെയും നാലംഗ സംഘം തലക്കടിച്ചു പരുക്കേൽപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത രണ്ടു പേർ ഒളിവിൽ. കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് സംഭവം. വിഴിഞ്ഞം ജംഗ്ഷനിൽ തട്ടുകട നടത്തുന്ന വിഴിഞ്ഞം സ്വദേശി അസീസ്(50), തട്ടുകട ജീവനക്കാരൻ പശ്ചിമ ബംഗാൾ സ്വദേശി സഞ്ജയ്(25) എന്നിവർക്കാണ് തലക്ക് ഇടിക്കട്ടയുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതര പരുക്കേറ്റത്. കേസിൽ വിഴിഞ്ഞം സ്വദേശികളായ പ്രിൻസൺ(22), അജി(18) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്‌റ്റു ചെയ്‌തതെന്ന് എസ്.ഐ പ്രശാന്ത് അറിയിച്ചു. ഭക്ഷണം കഴിക്കാനെത്തിയ നാലംഗ സംഘം അസഭ്യവർഷം നടത്തിയത് കടയുടമ വിലക്കിയതിൽ പ്രകോപിതരായാണ് ആക്രമണം നടത്തിയത്. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തതായും ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.