പോത്തൻകോട്: കാപ്പാ കേസിലെ പ്രതിയെ ബോംബെറിഞ്ഞ കേസിൽ നാലുപേർ വഞ്ചിയൂർ കോടതിയിൽ കീഴടങ്ങി. മേനംകുളം പുതുവൽ പുരയിടത്തിൽ സുനിൽ എന്ന് വിളിക്കുന്ന ജോൺ ഫെർണാണ്ടസ്,തുമ്പ സ്വദേശികളായ ശോഭൻ,ജോർജ് പീറ്റർ,അനിൽകുമാർ എന്നിവരാണ് ഇന്നലെ രാവിലെ 11ന് വഞ്ചിയൂർ കോടതിയിൽ കീഴടങ്ങിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് എ.സി.പി എസ്.ബാബുക്കുട്ടൻ പറഞ്ഞു. കേസിലെ മറ്റൊരു പ്രതി മേനംകുളം ആറാട്ടുവഴി പുതുവൽ പുത്തൻവീട്ടിലെ ഷെഫിൻ ബാബുവിനെ നേരത്തെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുമ്പ നെഹ്റു ജംഗ്ഷനു സമീപം ഇക്കഴിഞ്ഞ 7ന് രാവിലെ 11.40ഓടെ കുടിപ്പകയുടെ ഭാഗമായി സുനിലിന്റെ നേതൃത്വത്തിൽ എത്തിയവരാണ് കാപ്പ പ്രതിയായ അഖിൽ (23),വിവേക് (27) എന്നിവരെ നാടൻ ബോംബെറിഞ്ഞത്. ലഹരിവസ്തുക്കളുടെ കച്ചവടത്തിലും ഗുണ്ടാ ആക്രമണങ്ങളിലും കൂട്ടാളികളായിരുന്നു സുനിലും അഖിലും.

ഇരുവരും കൊലക്കേസ് ഉൾപ്പെടെയുള്ള ഒട്ടേറെ കേസുകളിൽ പ്രതിയാണ്.ജയിലിൽ കഴിയുന്ന തുമ്പ സ്വദേശി ലിയോണി ജോൺസണായിരുന്നു ഇവരുടെ നേതാവ്.ലഹരി വസ്തുക്കളുടെ കച്ചവടത്തിൽ ലിയോണുമായി സുനിൽ തെറ്റിയിരുന്നു. തുടർന്ന് മൂന്നുവർഷം മുൻപ് സുനിലിനെ വകവരുത്താൻ അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം ബോംബെറിഞ്ഞു. ഇതിൽ നിന്ന് രക്ഷപ്പെട്ട സുനിൽ പക വീട്ടാനാണ് അഖിലിനെ കൊല്ലാൻ ശ്രമിച്ചത്. കഴക്കൂട്ടം തുമ്പ സ്റ്റേഷനുകളിൽ ബോംബേറ് ഉൾപ്പെടെ 24ലധികം കേസുകളിൽ പ്രതിയാണ് അഖിൽ. ജയിലിൽ നിന്ന് ഇറങ്ങിയശേഷവും ഗുണ്ടാപ്രവർത്തനം ആരംഭിച്ചതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അഖിലിനെ കാപ്പ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്. സുനിലിന്റെ പേരിലും നാടൻ പടക്കമേറ് ഉൾപ്പെടെ 14ൽ അധികം കേസുകളുണ്ട്.