കല്ലമ്പലം: വരവ് - ചെലവ് കണക്കുകൾ ഭരണസമിതിയുടെ അംഗീകാരത്തിന് വിധേയമാക്കാതെയും ഫണ്ടുകൾ യഥാസമയം ചെലവിടാതെയും അടക്കം കരവാരം പഞ്ചായത്തിലെ ബി.ജെ.പി ഭരണസമിതി ഗുരുതര ക്രമക്കേട് നടത്തിയതായി സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ റിപ്പോർട്ട്. 2022 - 23ൽ ഓണക്കാലത്ത് പഞ്ചായത്തും സ്വകാര്യ ഏജൻസിയും ചേർന്ന് നടത്തിയ ഹരിതഹൃദയം ഫെസ്റ്റിന്റെ കണക്കുകളാണ് അംഗീകാരത്തിന് വിധേയമാക്കാതിരുന്നത്. ലൈസൻസോ അനുമതിയോ ഇല്ലാതെയായിരുന്നു ഫെസ്റ്റും മേളയും നടത്തിയത്. ആധുനിക അറവുശാല നിർമ്മാണത്തിന് ജില്ലാപഞ്ചായത്ത് കെട്ടിടത്തിനും അനുബന്ധ ഉപകരണങ്ങൾക്കും 1.50 കോടി അനുവദിച്ചിട്ടും തുടർനടപടികൾ സ്വീകരിച്ചില്ലെന്നും ഇതിലൂടെ പ്ളാൻഫണ്ട് നഷ്ടപ്പെടുത്തിയെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. രണ്ട് ബി.ജെ.പി അംഗങ്ങൾ രാജിവച്ച് സി.പി.എമ്മിൽ ചേർന്നതിനെ തുടർന്ന് 30ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുറത്തുവന്ന റിപ്പോർട്ട് ബി.ജെ.പിക്ക് തിരിച്ചടിയായി.
ജില്ലാ പ്ലാനിംഗ് സമിതിയുടെ അംഗീകാരവും ഫണ്ടും ലഭിച്ച വഞ്ചിയൂർ - കട്ടപ്പറമ്പ് പാടശേഖരത്തിലെ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി തുടർപ്രവർത്തനങ്ങൾ നടത്താതെ ഉപേക്ഷിച്ചതും ഗുരുതരമായ വീഴ്ചയായി ചൂണ്ടിക്കാട്ടുന്നുണ്ട്. 2020 - 21 വർഷം ലഭിച്ച ഒരു കോടി രൂപ ചെലവിടാതെ 2022- 23 വർഷവും പഞ്ചായത്ത് അക്കൗണ്ടിൽ സൂക്ഷിച്ചു. കാർഷിക മേഖലയുടെ ഉന്നമനത്തിനായുള്ള പദ്ധതി പഞ്ചായത്ത് ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ കാരണം ലക്ഷ്യം കൈവരിക്കാതെ പോയി. ഇതിന്റെ കാരണവും കമ്മിറ്റി തീരുമാനവും ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടും മറുപടി നൽകാതിരുന്നത് ഗുരുതര വീഴ്ചയാണ്. കൂടാതെ ജില്ലാ പ്ലാനിംഗ് സമിതിയംഗീകാരവും ഫണ്ടും ലഭ്യമായ ടേക്ക് എ ബ്രേക്ക് പദ്ധതി നടപ്പിലാക്കാതെ 17 ലക്ഷം രൂപയും നഷ്ടപ്പെടുത്തി. വഞ്ചിയൂർ ജംഗ്ഷനു സമീപം ടേക് എ ബ്രേക്ക് വിശ്രമ കേന്ദ്രം നിർമ്മിക്കാൻ ഉദ്ദേശിച്ച പദ്ധതിയുടെ തുക ചെലവഴിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.