ഉള്ളൂർ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെ.എച്ച്.ആർ.ഡബ്ലിയു.എസ് പേവാർഡിലെ ഫാൻ കറക്കത്തിനിടെ ഇളകി തെറിച്ചു. മുറിയിലുണ്ടായിരുന്ന രോഗി കട്ടിലിന് സമീപത്ത് നിന്ന് മാറി നിന്നിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകിട്ടാണ് പേവാർഡിലെ 530-ാം നമ്പർ മുറിയിലെ ഫാൻ ശബ്ദത്തോടെ നിലംപൊത്തിയത്.
കെ.എച്ച്.ആർ.ഡബ്ലിയു.എസ് പേവാർഡിൽ, രോഗി ഡിസ്ചാർജ് ആയാൽ മുറി പരിശോധിച്ച് സുരക്ഷ ഉറപ്പാക്കിയ ശേഷമേ മറ്രൊരാൾക്ക് അനുവദിക്കാവൂ എന്നാണ് നിർദ്ദേശം. നാളുകളായി ശബ്ദത്തോടെ കറങ്ങിക്കൊണ്ടിരുന്ന ഫാനിന്റെ പ്രവർത്തനക്ഷമത സൂപ്പർവൈസർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ പരിശോധിക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ചെറിയ വാടകയ്ക്കാണ് പേവാർഡുകൾ അനുവദിക്കുന്നത്. പേവാർഡ് കെട്ടിടത്തിലെ എല്ലാ മുറികളും പരിശോധിച്ച് ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന ആവശ്യം നിലവിൽ ശക്തമാകുന്നുണ്ട്.