പള്ളിക്കൽ: കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് പള്ളിക്കൽ പ്രധാനകവലയിൽ സ്ഥാപിച്ച വാട്ടർ എ.ടി.എം പ്രവർത്തിക്കാതായിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ. 2021ലാണ് ബ്ളോക്ക് പഞ്ചായത്ത് 2.5 ലക്ഷം രൂപ ചെലവിട്ട് വാട്ടർ എ.ടി.എം സ്ഥാപിച്ചത്. ജല അതോറിട്ടിയുടെ വെള്ളമാണ് മെഷീൻ വഴി നൽകിയിരുന്നത്. തണുത്ത വെള്ളവും ലഭിക്കുമായിരുന്നു. മെഷീനിൽ നാണയത്തുട്ടുകൾ ഇടുമ്പോൾ ജലം ലഭിക്കുന്ന സംവിധാനമാണ് ഇതിലുള്ളത്. ഉദ്ഘാടനം കഴിഞ്ഞ് കുറച്ചുനാളുകൾ മാത്രമാണ് വാട്ടർ എ.ടി.എം പ്രവർത്തിച്ചത്. കൃത്യമായി അറ്റകുറ്റപ്പണികൾ നടത്താത്തതാണ് വാട്ടർ എ.ടി.എം കേടാകാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. അടിയന്തരമായി വാട്ടർ എ.ടി.എം പ്രവർത്തനസജ്ജമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.