a

കടയ്ക്കാവൂർ: കാത്തിരിക്കാൻ ബസ് ഷെൽട്ടറില്ലാത്തതിനാൽ കടയ്ക്കാവൂർ പഞ്ചായത്തിലെ പ്രധാനപ്പെട്ടതും വളരെ തിരക്കേറിയതുമായ ജംഗ്ഷനായ ചെക്കാലവിളാകം ജംഗ്ഷനിൽ യാത്രക്കാർ ദുരിതത്തിൽ.വർക്കല,​ചിറയിൻകീഴ്, ആറ്റിങ്ങൽ,​കടയ്ക്കാവൂർ എന്നീ ഭാഗങ്ങളിലേക്കുള്ള നിരവധി ബസുകൾ ഇവിടെയെത്താറുണ്ട്. എന്നാൽ ഇവിടെ മഴയായാലും വെയിലായാലും അത് സഹിച്ചുവേണം യാത്രക്കാർ ബസ് കാത്തുനിൽക്കാൻ.

കടയ്ക്കാവൂരിലെ പ്രധാന പൊതുമാർക്കറ്റും സ്കൂളുകളും ബാങ്കുകളും ആശുപത്രികളും അനവധി വ്യാപാരസ്ഥാപനങ്ങളുമുള്ള പ്രധാന ജംഗ്ഷനാണ് ചെക്കാലവിളാകം ജംഗ്ഷൻ. ഒ‌‌രു മരത്തിന്റെ തണൽ പോലുമില്ലാത്ത ഈ ജംഗ്ഷനിൽ വിദ്യാർത്ഥികളുൾപ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് മിക്കസമയങ്ങളിലും ബസ് കാത്ത് നിൽക്കുന്നത്.മഴയിൽ നിന്നും വെയിലിൽ നിന്നും രക്ഷ നേടാൻ റോഡരികിലുള്ള കച്ചവടസ്ഥാപനങ്ങളുടെ മുൻപിലും മറ്റുമാണ് കയറി നിൽക്കാറ്.

കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കാനുള്ള സ്ഥലമില്ലെന്നാണ് അധികൃതരുടെ പക്ഷം. ഫുട്ട്പാത്തുകളെ ഉൾപ്പെടുത്തി പല സ്ഥലങ്ങളിലും കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നത് പതിവാണ്. ഈ സംവിധാനത്തിൽ ചെക്കാലവിളാകത്തും കാത്തിരിപ്പുകേന്ദ്രം നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇതുവഴി സർവീസുള്ളത്

വർക്കല,വിളബ്ഭാഗം,കായിക്കര,കടയ്ക്കാവൂർ,ചിറയിൻകീഴ് വഴി തിരുവനന്തപുരത്തേക്കും തിരുവനന്തപുരം,ആറ്റിങ്ങൽ,ആലംകോട്,മണനാക്ക്,കടയ്ക്കാവൂർ വഴി വർക്കലയ്ക്കും തിരിച്ചും അനവധി ബസുകളാണ് ഇതുവഴി സർവീസ് നടത്തുന്നത്.