തിരുവനന്തപുരം : ശാസ്ത്രാവബോധമുള്ള തലമുറയെ വാർത്തെടുക്കേണ്ട ഘട്ടമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.എസ്.ടി.എ മികവ് 2024 അക്കാഡമിക മുന്നേറ്റ പരിപാടി ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ പൊതുവിദ്യാഭ്യാസരംഗം മികച്ചതാണെങ്കിലും ശാസ്ത്രവിഷയങ്ങളിൽ കുട്ടികൾ പിന്നിലാണ്. ലോകോത്തര ശാസ്ത്രപ്രതിഭകളെ വാർത്തെടുക്കാൻ നമുക്കാവുന്നില്ല. ഗണിതശാസ്ത്രമേഖലയിൽ നമ്മുടെ പ്രകടനം മികച്ചതല്ലെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. സർക്കാർ ഇതിൽ സ്വയംവിമർശനം നടത്തുന്നുണ്ട്. ഈ കുറവ് പരിഹരിക്കാൻ അദ്ധ്യാപകർ മുൻകൈയെടുക്കണം.
പ്രൈമറിഘട്ടത്തിന്റെ അവസാനമാകുമ്പോഴേക്കും ഇംഗ്ളീഷിൽ വിനിമയം ചെയ്യാനും മത്സരപരീക്ഷകളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാനും പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്കാവണം. കേരളത്തിലെ പത്താംക്ളാസ് വിജയം വലിയതോതിൽ വർദ്ധിച്ചിട്ടുള്ളപ്പോഴും വിജയികളുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള ചർച്ചകളും സജീവമാണ്. കുട്ടികൾ ഓരോ ക്ലാസിലും അടിസ്ഥാനശേഷികൾ കൈവരിക്കുന്നതായി അദ്ധ്യാപകർ ഉറപ്പുവരുത്തണം.
പലയിടങ്ങളും അദ്ധ്യാപകർ അന്ധവിശ്വാസ പ്രചാരകരായും വിവേചനങ്ങളുടെ പ്രയോക്താക്കളായും മാറുന്നത് കണ്ടെത്താനും തിരുത്താനും പുരോഗമന ചിന്താഗതിയുള്ള അദ്ധ്യാപക സംഘടനകൾ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി വി.ശിവൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് ഡി.സുധീഷ് അദ്ധ്യക്ഷനായിരുന്നു. കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത്, എസ്.ഐ.ഇ.ടി ഡയറക്ടർ ബി. അബുരാജ്, സ്കോൾ കേരള വൈസ് ചെയർമാൻ പി.പ്രമോദ് എന്നിവർ പങ്കെടുത്തു. കെ.എസ്.ടി.എ ജനറൽ സെക്രട്ടറി കെ.ബദറുന്നിസ സ്വാഗതവും ട്രഷറർ ടി.കെ.എ. ഷാഫി നന്ദിയും പറഞ്ഞു.
ലീവെടുത്ത് ട്യൂഷനെടുക്കുന്ന
അദ്ധ്യാപകർക്കെതിരെ നടപടി : മന്ത്രി ശിവൻകുട്ടി
സ്വന്തം ലേഖിക
തിരുവനന്തപുരം: ലീവെടുത്ത് ട്യൂഷനെടുക്കുന്ന അദ്ധ്യാപകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. കെ.എസ്.ടി.എ മികവ് 2024 അക്കാഡമിക മുന്നേറ്റ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി. അദ്ധ്യാപകർ പ്രവൃത്തിദിനങ്ങളിൽ ട്യൂഷനെടുക്കുന്നതിനെക്കുറിച്ച് പരാതികൾ വരുന്നുണ്ട്. കെ.എസ്.ടി.എ പ്രസിഡന്റ് പറഞ്ഞത് വിഷയം ശ്രദ്ധയിൽപ്പെട്ടെന്നും വകുപ്പുതലത്തിൽ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നുമാണ്. വിദ്യാഭ്യാസം എല്ലാവർക്കും തുല്യമായി ലഭിക്കേണ്ടതാണ്. ട്യൂഷൻ പഠിക്കുന്ന വിദ്യാർത്ഥികൾ മാത്രം നല്ല മാർക്ക് വാങ്ങിയാൽ മതിയോ? ഇത്തരം ട്യൂഷനുകൾ തെറ്റാണെന്ന് അദ്ധ്യാപകരെ ബോദ്ധ്യപ്പെടുത്തി അതിൽനിന്ന് പിന്തിരിപ്പിക്കും.
ഖാദർ കമ്മിറ്റി റിപ്പോർട്ട്
ഈ വർഷം നടപ്പാക്കും
ഖാദർ കമ്മിറ്റി റിപ്പോർട്ട് ഈ അദ്ധ്യയന വർഷം തന്നെ നടപ്പാക്കും. റിപ്പോർട്ട് നടപ്പാക്കുന്നതോടെ കുറച്ചുപേർക്ക് ജോലി നഷ്ടപ്പെടുമെന്ന പ്രചാരണം ശരിയല്ല. അദ്ധ്യാപകർക്ക് ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ കൂടുതൽ സൗകര്യം ലഭിക്കും. അദ്ധ്യാപക സംഘടനകളുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചേ റിപ്പോർട്ട് നടപ്പാക്കൂ.
വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും പങ്കെടുപ്പിച്ച് സംസ്ഥാനത്ത് എ.ഐ സെമിനാർ സംഘടിപ്പിക്കുന്നത് ആലോചനയിലാണ്. ദേശീയ വിദ്യാഭ്യാസം നയത്തെ പുകഴ്ത്തുന്നവർക്ക് മാത്രമേ ഫണ്ട് അനുവദിക്കൂ എന്ന കേന്ദ്രനയം അംഗീകരിക്കാനാകില്ല. വിദ്യാഭ്യാസരംഗത്ത് വേറിട്ട് നിൽക്കുന്ന സംസ്ഥാനമാണ് കേരളം. അതുകൊണ്ട് എൻ.ഇ.പി പൂർണമായും ഇവിടെ നടപ്പാക്കാനാകില്ല. കേരളത്തിന് അർഹമായ മുഴുവൻ ഫണ്ടും നൽകണം.
ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാം ഭാഗം അടുത്ത മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരത്തിനായി സമർപ്പിക്കുമെന്നും മന്ത്രി അറിയിച്ചു