med-clg

മാലിന്യക്കയത്തിൽ മുങ്ങിതാഴ്ന്ന ജോയിയുടെ ഓർമ്മകൾ മായുംമുമ്പേ നഗരത്തെ നടുക്കി മറ്റൊരു അപകടം കൂടി. ഇത്തവണ അധികൃതരുടെ അനാസ്ഥമൂലം ദുരിതമനുഭവിച്ചത് തിരുവനന്തപുരം സ്വദേശി രവീന്ദ്രൻ നായരാണ്. നടുവേദയ്ക്ക് ചികിത്സ തേടിയെത്തി ലിഫ്റ്റിനുള്ളിൽ 42മണിക്കൂർ നരകയാതന അനുഭവിച്ചതും പിന്നീട് ജീവിതത്തിലേക്കുള്ള മടങ്ങി വരവുമെല്ലാം കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. ആയുസ് ബാക്കിയുള്ളത് കൊണ്ടുമാത്രം രക്ഷപ്പെടുകയായിരുന്നു എന്നാണ് രവീന്ദ്രന്റെ വാക്കുകൾ. ഈ സംഭവത്തിനു തൊട്ടടുത്ത ദിവസം തന്നെ മെഡിക്കൽ കോളേജിലെ സി.ടി. സ്കാനിലേക്കുള്ള ലിഫ്റ്റിൽ ഡോക്ടറും രോഗിയും കുടുങ്ങിയതും ജീവനക്കാരിലും രോഗികൾക്കിടയിലും ഒരേ പോലെ ഭീതിവർദ്ധിപ്പിക്കുകയാണ്. ദിനംപ്രതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്ന ആയിരക്കണക്കിന് രോഗികളിൽ ബഹുഭൂരിപക്ഷവും ലിഫ്റ്റിനെ ആശ്രയിക്കുന്നവരാണ്. വിവിധ ഡോക്ടർമാരെ കാണാനായി പടികയറാൻ ബുദ്ധിമുട്ടുള്ളവരും പ്രായമായവരും ഉൾപ്പെടെ പലതരത്തിലുള്ളവർ. എന്നാൽ ഇനി ഇക്കൂട്ടർ പടിക്കെട്ടുകൾ ഇഴഞ്ഞു കയറിയാലും ലിഫ്റ്റിൽ കയറാൻ തയാറാകുമോയെന്ന ചോദ്യമാണ് ഉയരുന്നത്. അത്രമേൽ ഭയാനകമായ അനുഭവമാണ് രവീന്ദ്രൻ നായരെന്ന അൻപത്തൊമ്പതുകാരൻ നേരിട്ടത്.

അറ്റകുറ്റപ്പണി നടത്താറില്ല

നിത്യേന ആയിരക്കണക്കിന് രോഗികളുടെ ആശ്രയമായ ആശുപത്രിയിൽ ഇത്തരം വീഴ്ചകൾക്ക് കാരണക്കാരായവരെ മാതൃകാപരമായി ശിക്ഷിക്കേണ്ടതുണ്ട്. ലിഫ്റ്റ് ഓപ്പറേറ്ററും ഡ്യൂട്ടിയിലുള്ള സുരക്ഷാ ജീവനക്കാരനും ചെയ്യേണ്ട ജോലി കൃത്യമായി നിറവേറ്റാത്തതാണ് അപകടത്തിനു കാരണം. എന്നാൽ പ്രശ്നം ജീവനക്കാരുടെ മാത്രം തലയിൽ ചാരി രക്ഷപ്പെടാനുമാകില്ല. യഥസമയം അറ്റകുറ്റപണി നടത്താനോ അതിന് കരാർ നൽകിയ കമ്പനിയ്ക്ക് പണം നൽകാനോ കരാർ പുതുക്കാനോ ബന്ധപ്പെട്ടവർ കാട്ടുന്ന അനാസ്ഥയുടെ ഫലം കൂടിയാണിത്. ലക്ഷങ്ങൾ മുടക്കി ലിഫ്റ്റ് സ്ഥാപിക്കാൻ കാട്ടുന്ന താത്പര്യം പിന്നീട് അറ്റകുറ്റപ്പണി നടത്താൻ കാട്ടാറില്ല. പുതിയ ലിഫ്റ്റ് സ്ഥാപിക്കുമ്പോൾ ലഭിക്കുന്ന കമ്മീഷനാണ് പ്രധാന ഘടകം. മെഡിക്കൽ കോളേജിൽ ലിഫ്റ്റിന്റെ മാത്രം കാര്യമല്ലിത്. എക്‌സ്റേ,ഇ.സി.ജി യന്ത്രങ്ങൾ മറ്റു ഉപകരണങ്ങൾ തുടങ്ങി ലക്ഷണങ്ങൾ ചെലവുവരുന്ന യന്ത്രസാമഗ്രികൾ ഓരോ തവണയും വാങ്ങികൂട്ടാൻ മാത്രമാണ് ബന്ധപ്പെട്ടവർക്ക് താത്പര്യം. കേടായവ പണിതീർത്ത് എടുക്കാൻ മെനക്കെടാറില്ല. മാസങ്ങളോളം യന്ത്രങ്ങൾ തകരാറിലായിരുന്നാലും രോഗികൾ വലഞ്ഞാലും മാദ്ധ്യമങ്ങളിൽ വാർത്തകൾ വന്നാലും കമ്മീഷൻ മോഹികൾ കുലുങ്ങില്ല. മറിച്ച് അതൊരു അവസരമായി കണ്ട് പുതിയ യന്ത്രങ്ങൾ വാങ്ങാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തി അനുമതി വാങ്ങും. ഇത് കാലങ്ങളായി നടക്കുന്ന പതിവാണ്. അറ്റകുറ്റ പണി നടത്തിയാൽ കാര്യക്ഷമമായി വർഷങ്ങളോളം പ്രവർത്തിക്കുമായിരുന്ന യന്ത്രങ്ങൾ പലതും ആക്രിയ്ക്ക് വിറ്റ ചരിത്രം മെഡിക്കൽ കോളേജിനുണ്ട്. പുതിയത് വാങ്ങുന്നത് തെറ്റാണെന്നും അമിതി ചെലവാണെന്നും കാട്ടി ബന്ധപ്പെട്ട വിഭാഗങ്ങളിലെ ജീവനക്കാർ രംഗത്തുവന്നാൽ അവർ കമ്മീഷൻ മോഹികളുടെ കണ്ണിലെ കരടാകും.

അസ്ഥിരോഗ വിഭാഗത്തിൽ

നിന്ന് അത്യാഹിത വിഭാഗത്തിലേക്ക്

മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടുവേദനയ്ക്ക് ചികിത്സയ്ക്കെത്തിയ രവീന്ദ്രൻ നായർ പിന്നിട്ടത് യാതനയുടെ മണിക്കൂറുകളാണ്. സി.പി.ഐ തിരുമല മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും എം.എൽ.എ ഹോസ്റ്റലിലെ താത്കാലിക ജീവനക്കാരനുമായ രവീന്ദ്രൻ 42 മണിക്കൂർ ലിഫ്റ്റിൽ കുടുങ്ങിയതും പിന്നീടുള്ള രക്ഷപ്പെടലും സിനിമയെ വെല്ലുന്ന കഥയാണ്. തന്റെ നടുവിന്റെ ചികിത്സയ്ക്കായി ഇപ്പോൾ കൊച്ചുള്ളൂരിൽ താമസിക്കുന്നത്. ഇവിടെ നിന്ന് ശനിയാഴ്ച രാവിലെയാണ് മെഡിക്കൽ കോളേജിലെ തന്നെ ജീവനക്കാരിയായ ഭാര്യ ശ്രീലേഖയ്ക്കൊപ്പം ചികിത്സക്കെത്തുന്നത്. ഭാര്യ ജോലിയ്ക്കു കയറിയപ്പോൾ രവീന്ദ്രൻ അസ്ഥിരോഗവിഭാഗത്തിൽ ഡോക്ടറെ കാണാൻ പോയി. എന്നാൽ പിന്നീട് യാതൊരു വിവരമില്ലാതാവുകയായിരുന്നു. ഫോണിൽ രവീന്ദ്രനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇതേതുടർന്ന് രാത്രിയോടെ വീട്ടുകാർ നൽകിയ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ്,​ തിങ്കളാഴ്ച രാവിലെ കേടായ ലിഫ്റ്റ് പരിശോധിക്കുന്നതിനിടയിൽ ജീവിതത്തിലേക്കുള്ള മടങ്ങിവരവ് യാഥാർത്ഥ്യമായത്. ജീവനക്കാരെത്തി ലിഫ്റ്റ് തുറന്നപ്പോൾ രവീന്ദ്രൻ അർദ്ധബോധാവസ്ഥയിലായിരുന്നു. തുടർന്ന് വിദഗ്ദ്ധ ചികിത്സ നൽകി സാധാരണ നിലയിലാക്കുകയായിരുന്നു. ലിഫ്റ്റിനുള്ളിലെ അലാറം തകരാറിലായതും രവീന്ദ്രന്റെ ഫോൺ ലിഫ്റ്റിനുള്ളിൽ വീണുപൊട്ടിയതോടെ പുറംലോകവുമായി ബന്ധപ്പെടാനുള്ള അവസരം ഇല്ലാതായിയത്. അടിയന്തരസഹായത്തിനായി ലിഫ്റ്റിൽ എഴുതിരുന്ന നമ്പരും ആവശ്യ സമയത്ത് ഉപകരിച്ചില്ല. സംഭവത്തിൽ ലിഫ്റ്റ് ഓപ്പറേറ്റർമാരായ മുരുകൻ, ആദർശ് ഡ്യൂട്ടി സാർജന്റ് റെജി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. ഇതിൽ മുരുകൻ താത്കാലിക ജീവനക്കാരനാണ്.

പഴിയൊഴിയാത്ത 19 ലിഫ്റ്റുകൾ

മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും എക്കാലത്തെയും പരാതിയാണ് ലിഫ്റ്റിന്റെ തകരാറ്. 19 ലിഫ്റ്റുകളുള്ള ആശുപത്രിയിൽ മിക്കതും സ്ഥിരമായി തകരാറിലാണ്. അറ്റകുറ്റപണികൾ കൃത്യമായി നടത്താത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം. ആയിരക്കണത്തിന് രോഗികളുടെ ബാഹുല്യവും ഇടതടവില്ലാത്ത പ്രവർത്തനവുമാണ് ലിഫ്റ്റുകളുടെ തകരാറിന് കാരണമായി അധികൃതർ പറയുന്നത്. രവീന്ദ്രൻ കുടുങ്ങിയ ഒ.പി ബ്ലോക്കിലെ 11ാം നമ്പർ ലിഫ്റ്റ് നേരത്തെയും തകരാറിലാകാറുണ്ടായിരുന്നതായി ജീവനക്കാർ പറയുന്നു. ഈ ലിഫ്റ്റിന് സമീപം കെ.എം.എസ്.സി.എല്ലിന്റെ കൗണ്ടർ ഉൾപ്പെടെ പ്രവർത്തിക്കുന്നുണ്ട്. എന്നിട്ടും ആരും പാതിയിൽ നിൽക്കുന്ന ലിഫ്റ്റ് കണ്ടില്ലെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. ലിഫ്റ്റ് ഓപ്പറേറ്റർമാരായും സുരക്ഷാ ജീവനക്കരായും നിരവധി പേർ സദാസമയം ഡ്യൂട്ടിയ്ക്കുള്ള സ്ഥലത്താണ് ഒന്നര ദിവസം ഒരാൾ നരകയാത അനുഭവിച്ചതെന്നത് അതീവഗൗരവകരമാണ്. കാലാവധി കഴിഞ്ഞ നിരവധി ലിഫ്റ്റുകൾ ആശുപത്രിയിലുണ്ട്. ഇത് മാറ്റി സ്ഥാപിക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.