കല്ലറ: തിരുവനന്തപുരം - കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന തൊളിക്കുഴി - കല്ലറ റോഡിന്റെ പുനഃനിർമ്മാണം കടലാസിലുറങ്ങുന്നു. ചുറ്റുമുള്ള ചെറു റോഡുകൾ വരെ ആധുനിക രീതിയിൽ പുനർനിർമ്മിക്കപ്പെടുമ്പോൾ കല്ലറ പള്ളിമുക്ക് മുതൽ തൊളിക്കുഴി വരെയുള്ള അഞ്ച് കിലോമീറ്റർ റോഡിനെ കാലങ്ങളായി അധികൃതർ കാണാത്ത മട്ടാണ്.
ഓട നിർമ്മാണം നടത്തിയിട്ടില്ലാത്തതിനാൽ റോഡിന്റെ രണ്ട് വശങ്ങളിലും മഴവെള്ളമൊഴുകി അഗാധഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്. വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. റോഡിന്റെ ശോച്യാവസ്ഥ കാരണം പല സർവീസ് ബസുകളും ഓടാത്ത അവസ്ഥയാണ്.
ഈ റോഡിൽ വന്ന് ചേരുന്ന പ്രധാനപ്പെട്ട റോഡുകൾ ആധുനികരീതിയിൽ പുനർനിർമ്മിച്ചപ്പോഴും ഈ റോഡിനെ അവഗണിച്ചിരിക്കുകയാണ്. നെടുമങ്ങാട് പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയറുടെ പരിധിയിലുള്ള റോഡിനെ ആധുനിക രീതിയിൽ നവീകരിക്കുന്നതിന് പാർലമെന്റ് തിരഞ്ഞെടുപ്പിന് മുൻപ് 5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ശബരിമല പാക്കേജിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. എന്നാൽ നാളിതുവരെ ഒരു പ്രവർത്തനവും ആരംഭിച്ചിട്ടില്ല.
റോഡ് നിർമ്മിച്ചത് - 40ത് വർഷം മുൻപ്
അവസാനം റീടാറിംഗ് ചെയ്തത് - 10 വർഷങ്ങൾക്ക് മുൻപ്
പാലങ്ങളും അപകടാവസ്ഥയിൽ
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ,വാമനപുരം മണ്ഡലങ്ങളും കൊല്ലം ജില്ലയിലെ ചടയമംഗലം നിയോജക മണ്ഡലവും ഉൾപ്പെടുന്ന റോഡാണിത്. ദിനംപ്രതി നൂറുക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. മൂന്ന് പാലങ്ങളാണ് തൊളിക്കുഴി മുതൽ കല്ലറ പള്ളിമുക്ക് വരെയുള്ള അഞ്ച് കിലോമീറ്റർ റോഡിലുള്ളത്. കേടുപാടുകൾ പരിശോധിക്കാത്തതിനാൽ പാലങ്ങളും അപകടാവസ്ഥയിലാണ്.
എളുപ്പ മാർഗം
കിളിമാനൂർ,കടക്കൽ ഭാഗങ്ങളിൽ നിന്ന് കല്ലറയിലെത്തുന്നതിന് യാത്രക്കാർ കൂടുതലായി ഉപയോഗിക്കുന്നത് ഈ റോഡിനെയാണ്.മീൻമൂട്ടി,പൊൻമുടി ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിൽ പോകുന്നതിനും യാത്രക്കാർ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.
റോഡ് കടന്നുപോകുന്ന പഞ്ചായത്തുകൾ
കല്ലറ,പുളിമാത്ത്,കുമ്മിൾ,പഴയ കുന്നുമ്മൽ