കിളിമാനൂർ: സഞ്ചാരികളുടെ മനം കുളിർപ്പിച്ച് മീൻമുട്ടി. കനത്ത മഴ പെയ്തതോടെ മീൻമുട്ടി നിറഞ്ഞൊഴുകുകയാണ്. നൂറുക്കണക്കിന് വിനോദസഞ്ചാരികളാണ് ദിവസേനയെത്തുന്നത്.
കണ്ണീർ പോലെ ശുദ്ധമായ കാട്ടരുവി പാറക്കെട്ടുകൾക്ക് മുകളിലൂടെ 50 അടിയോളം താഴ്ചയിലേക്ക് പതിക്കുന്ന മനോഹര ദൃശ്യം ഏതൊരു വിനോദസഞ്ചാരിയുടെയും മനം കുളിർപ്പിക്കും. വെള്ളച്ചാട്ടത്തിന് താഴെ മീനുകൾ പാറകളിൽ മുട്ടിയിരുമ്മി നിൽക്കുന്ന കാഴ്ചയും ഇവിടെ കാണാം. അതുകൊണ്ടാണത്രേ മീൻമുട്ടി എന്ന് വെള്ളച്ചാട്ടത്തിന് പേര് ലഭിച്ചത്. വെള്ളച്ചാട്ടത്തിന് ഉള്ളിലായി പാറക്കെട്ടിനിടയിലുള്ള ഗുഹയും സഞ്ചാരികളെ ആകർഷിക്കുന്നു.
കൊല്ലവർഷം 1071 ഗുരു ഇവിടെ സന്ദർശിക്കുകയും മൂന്ന് ദിവസം ധ്യാനനിരതനായി ഇരിക്കുകയും ചെയ്തതായി ചരിത്രരേഖകളിൽ കാണുന്നു. ഇവിടെയുള്ള പാറമുകളിൽ ഇരുന്ന് ജാതീയ വേർതിരിവില്ലാതെ നാട്ടുകാരെ ഊട്ടിയതിനാലാണ് ഗ്രാമത്തിന് ഇരുന്നൂട്ടിയെന്ന പേര് വീണത്. കൊല്ലവർഷം 118ൽ ഇവിടെ രൂപീകരിച്ച ശ്രീചിത്ര വ്രത സമാജത്തിന്റെ രേഖകളിൽ ഗുരുവിന്റെ സന്ദർശനവും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്.
വികസനമില്ലാതെ
കർക്കടക വാവിന് ആയിരങ്ങളെത്തുന്ന ഇവിടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 35 ലക്ഷം രൂപ മുടക്കി നവീകരണ പ്രവർത്തനങ്ങൾ നടത്തിയതല്ലാതെ പിന്നെ ഒന്നും ചെയ്തിട്ടില്ല. സഞ്ചാരികൾക്ക് ഒരു ടോയ്‌ലെറ്റില്ല. ഒരു ഹൈമാസ് ലൈറ്റ് സ്ഥാപിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്.
പോകാം
കിളിമാനൂർ സംസ്ഥാനപാതയിൽ നിന്ന് 6 കിലോമീറ്റർ സഞ്ചരിച്ചാൽ കുമ്മിൾ - പഴയകുന്നുമ്മൽ പഞ്ചായത്തുകൾക്ക് അതിരുകളിലുള്ള ഇരുന്നൂട്ടി ഗ്രാമത്തിലെത്താം. ഇവിടെയാണ് മീൻമുട്ടി സ്ഥിതി ചെയ്യുന്നത്.