ശിവഗിരി: മഹാകവി കുമാരനാശാൻ കണ്ടെത്തിയ ശ്രീനാരായണ ഗുരുദേവനെ ലോകം ഇന്നോളം മനസ്സിലാക്കിയിട്ടില്ലെന്ന് ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ശിവഗിരിയിൽ മഹാകവി കുമാരനാശാൻ ദേഹവിയോഗ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.
ഗുരുദേവനെ സാമൂഹിക പരിഷ്കർത്താവ്, നവോത്ഥാന നായകൻ, സമുദായ പരിഷ്കർത്താവ് എന്നൊക്കെ പലരും വിലയിരുത്തി. അതേസമയം, ഗുരുദേവൻ 'കാണപ്പെട്ട ദൈവം" എന്നു കണ്ടെത്തിയ ആശാൻ, ആരായുന്നവർക്ക് ഗുരു പരദൈവം എന്നാണ് ഗുരുസ്തവത്തിലൂടെ പ്രഖ്യാപിച്ചിട്ടുള്ളത്. ഗുരുദേവനെ പണ്ഡിതർ അറിയുന്നില്ല. പിന്നെ എപ്രകാരമാണ് പാമരന്മാർ അറിയുക എന്ന് കൂടി കുമാരനാശാൻ ചോദിച്ചിരുന്നുവെന്നും സ്വാമി പറഞ്ഞു.
പ്രോഗ്രാം കോ ഓർഡിനേറ്റർ വെട്ടൂർ ശശി അദ്ധ്യക്ഷത വഹിച്ചു. ഗുരുധർമ്മ പ്രചരണസഭ പി.ആർ.ഒ. പ്രൊഫ. ഡോ. സനൽകുമാർ കവിയരങ്ങ് ഉദ്ഘാടനം ചെയ്തു. അശോകൻ കായിക്കര, ഷോണി ജി. ചിറവിള, ഡോ. എം. ജയരാജു തുടങ്ങിയവർ പ്രസംഗിച്ചു. പങ്കെടുത്തവർ കവിതകൾ അവതരിപ്പിച്ചു.