maria-umman

അപ്പയുടെ മരണം അപ്രതീക്ഷിതമായൊരു ശൂന്യതയുടെ ഭാരമായിരുന്നു കുടുംബത്തിന്. ആ ഞെട്ടലിൽ നിന്ന് മുക്തയാവാൻ ഒരുപാട് സമയമെടുത്തു. അപ്പയുടെ ഓർമ്മകൾ നിറഞ്ഞ വീട്ടിനുള്ളിൽ ഇരിക്കാനാവാത്ത അവസ്ഥയായി. എന്തും തുറന്നുപറയാവുന്ന ഒരു കൗൺസലർ,​ പ്രതിസന്ധികളിൽ പകച്ചുനിന്നപ്പോൾ ശരിയായ ഉപദേശങ്ങൾ തന്ന മാർഗദർശി....അതായിരുന്നു എനിക്ക് അപ്പ. അപ്പയില്ലാതായപ്പോൾ ഉടഞ്ഞുപോയത് ഒരു കവചമാണ്.

അപ്പയോളം മിടുക്കും സാമർത്ഥ്യവും ജ്ഞാനവുമുള്ള മറ്റൊരാളെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. സാധാരണ പിതാക്കന്മാരെപ്പോലെ എപ്പോഴും കൂടെയുണ്ടാവാൻ അപ്പയ്ക്കു സാധിച്ചിട്ടില്ല. പക്ഷെ അദൃശ്യമായൊരു കരുതൽ എപ്പോഴുമുണ്ടായിരുന്നു. ഇത്ര പ്രായമായിട്ടും,​ ഞാൻ പുറത്തുപോയാൽ കുറഞ്ഞത് അഞ്ചുവട്ടമെങ്കിലും വിളിക്കും. അന്നൊക്കെ 'എന്താ അപ്പാ, ഞാൻ വലുതായില്ലേ" എന്നു ചോദിക്കും. ഇന്ന് അങ്ങനെ അന്വേഷിക്കാൻ ആളില്ലാതായപ്പോഴാണ് ആ വിടവ് മനസിലാകുന്നത്.

കൊവിഡിനു ശേഷം വർക്ക് ഫ്രം ഹോമിന്റെ സമയത്താണ് അപ്പ കുറച്ചെങ്കിലും വീട്ടിലിരുന്നത്. പക്ഷെ അപ്പോഴും ആളുകളെ സഹായിക്കുന്നതിൽ മാറ്റമൊന്നും വന്നില്ല. ഓർത്തുവച്ച് സഹായിക്കുന്നതായിരുന്നു അപ്പയുടെ പ്രകൃതം. പറ്റുമ്പോഴൊക്കെ വീട്ടിലെല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കണമെന്ന് നിർബന്ധമായിരുന്നു. ഞാൻ മുകളിലെ മുറിയിലിരുന്ന് ജോലി ചെയ്യുമ്പോൾ 'മോളേ കഴിക്കാൻ വാ..." എന്ന് അപ്പ താഴെ നിന്ന് വിളിക്കും. അന്നൊക്കെ കുറച്ചു വൈകിയാണ് ഞാൻ താഴേയ്ക്കു ചെല്ലുന്നത്. അതോർത്തും ഇപ്പോൾ ദുഃഖമുണ്ട്.

എന്റെ മകൻ എഫിനോഅ, അപ്പയുമായി നല്ല അടുപ്പമായിരുന്നു. ഒരിക്കൽപ്പോലും അപ്പ എഫിയോട് ദേഷ്യപ്പെട്ടു കണ്ടിട്ടില്ല. എല്ലായിടത്തും ഒപ്പം കൂട്ടും. അപ്പ മരിക്കുന്ന സമയം ഞാൻ അപ്പയ്ക്കൊപ്പം ബംഗളൂരുവിലായിരുന്നു. പത്താംക്ലാസിൽ പഠിക്കുന്ന എഫി അന്ന് ഒറ്റയ്ക്കാണ് നാട്ടിൽ നിന്നത്. ഇടയ്ക്കിടയ്ക്ക് വിളിക്കുമ്പോഴെല്ലാം എഫി ചോദിക്കുന്നത് അപ്പയുടെ ആരോഗ്യത്തെക്കുറിച്ചായിരുന്നു. അപ്പ മരിച്ചത് എഫിക്കും വലിയൊരു ഷോക്കായി. അപ്പയുടെ മരണം എഫി എങ്ങനെ അതിജീവിക്കുമെന്നോർത്ത് ഭയമുണ്ടായിരുന്നു. പക്ഷേ അപ്പയുടെ അടക്കം നടക്കുമ്പോൾ ഒരിക്കൽപ്പോലും എഫി കരഞ്ഞുകണ്ടിട്ടില്ല. ഇപ്പോഴും എഫിയുടെ മനസിലെന്താണെന്ന് എനിക്കറിയില്ല. അപ്പയുടെ അനുഗ്രഹം കൊണ്ടാകും എഫി പിടിച്ചുനിൽക്കുന്നത്.

അപ്പ മരിച്ചിട്ട് ഓണവും ക്രിസ്മസും ഈസ്റ്ററും കഴിഞ്ഞു. ആഘോഷങ്ങൾക്കൊന്നും പഴയ പകിട്ടില്ല. തിരക്കുകളുണ്ടെങ്കിലും വിശേഷദിവസങ്ങളിൽ എല്ലാവരും ഒന്നിച്ചിരുന്ന് ബ്രേക്ക്ഫാസ്റ്റ് എങ്കിലും കഴിക്കുന്നുണ്ടെന്ന് അപ്പ ഉറപ്പുവരുത്തിയിരുന്നു. അപ്പയുടെ വേർപാടിലൂടെ എല്ലാവരെയും ഒരുതരം അനാഥത്വം ബാധിച്ചു. അപ്പയുടെ മരണശേഷം പുറത്തിറങ്ങിത്തുടങ്ങിയത് തിരഞ്ഞെടുപ്പു കാലത്താണ്. നിഴൽപോലെ ഒപ്പം നിന്ന അപ്പയുടെ വേർപാട് താങ്ങാനുള്ള ശക്തി ലഭിക്കുമോയെന്ന് സംശയമുണ്ടായിരുന്നു. അപ്പ സഹായിച്ചവരൊക്കെ എവിടെവച്ച് കണ്ടാലും വലിയ സ്നേഹമാണ് കാണിച്ചത്.

മുഖ്യമന്ത്രിയുടെ പദവിയിലിരുന്ന് ഒരാൾ ചെയ്തതൊക്കെ നമുക്ക് ചെയ്യാനാവില്ലല്ലോ. പക്ഷെ അവർക്കായി എന്തെങ്കിലും ചെയ്യുന്നത് ഞങ്ങളുടെ ഉത്തരവാദിത്വം കൂടിയാണെന്ന് തിരിച്ചറിഞ്ഞു. മുമ്പൊക്കെ ശനിയും ഞായറും വിശ്രമത്തിനുള്ള വേളയായിരുന്നു. ഇപ്പോൾ ആ ദിവസങ്ങളും സാമൂഹികപ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുകയാണ്. അപ്പ മരിച്ച ശേഷം ആളുകൾ അപ്പയെയാണ് ഞങ്ങളിലൂടെ കാണുന്നതെന്ന് തോന്നിയിട്ടുണ്ട്. അവരിലൊരാലായി കണ്ട് കെട്ടിപ്പിടിക്കുന്നു,​ ഉമ്മ തരുന്നു. 'ഞങ്ങളുടെ സാറിന്റെ മോളാണ്..." എന്നു പറയുമ്പോൾ അഭിമാനം തോന്നും. ഇന്ന് ഞങ്ങൾ അതിജീവിക്കുന്നത് അപ്പ ചെയ്ത നന്മകളിലൂടെ ജനങ്ങളിൽ നിന്നു ലഭിക്കുന്ന സ്നേഹം വഴിയാണ്. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുമ്പോൾ വല്ലാത്തൊരു പോസിറ്റിവിറ്റിയാണ്.

അപ്പ ചെയ്യുന്ന സാമൂഹികപ്രവർത്തനങ്ങൾ കണ്ടാണ് ഞങ്ങൾ വളർന്നത്. ജോലിയായതിനു ശേഷം സി.എസ്.ആർ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അത് പ്രേരണയായി. പന്ത്രണ്ടുവർഷം മുമ്പ് ഞാനും അമ്മയും ചേർന്ന് 'മന്ന" എന്നൊരു ട്രസ്റ്റ് തുടങ്ങിയിരുന്നു. ബൈബിളിൽ 'ഹെവൻലി ഫുഡ്" എന്നാണ് മന്നയുടെ അർത്ഥം. ഇപ്പോൾ ട്രസ്റ്റ് വിപുലീകരിക്കാൻ ശ്രമിക്കുന്നുണ്ട്. ആരോഗ്യമേഖലയിലായിരുന്നു അപ്പ ഏറ്റവും ശ്രദ്ധ ചെലുത്തിയിരുന്നത്. അതിനാൽ മന്നയുടെ തുടക്കത്തിലെ പ്രവർത്തനങ്ങൾ ആ മേഖലയിലാണ് കേന്ദ്രീകരിക്കുന്നത്. ആദ്യഘട്ടത്തിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. 'ഉമ്മൻചാണ്ടിയുടെ സ്നേഹസ്പർശം" എന്ന പേരിലാണ് ട്രസ്റ്റിന്റെ പരിപാടികൾ. അപ്പയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവുമെന്ന് അറിയാം...