തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് പി.ആർ.ഒ നിയമനത്തിൽ എഴുത്ത് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വനിതയെ ഇന്റർവ്യൂവിൽ മാർക്ക് കുറച്ച് ഒഴിവാക്കിയെന്ന് പരാതി. ഇതിനെതിരെ ഉദ്യോഗാർത്ഥിയായ എ.ബി. നിത ഹൈക്കോടതിയെ സമീപിച്ചു.
വനിതകളെ പരിഗണിക്കുന്നില്ലെങ്കിൽ എന്തുകൊണ്ട് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനത്തിൽ വ്യക്തമാക്കിയില്ലെന്ന് നിത ചോദിക്കുന്നു.ഉത്തരപ്പേപ്പർ നൽകില്ലെന്ന നിലപാടിലാണ് റിക്രൂട്ട്മെന്റ് ബോർഡ്. പി.എസ്.സി പരീക്ഷയിലടക്കം ഉദ്യോഗാർത്ഥികൾക്ക് പണമടച്ച് ഉത്തരപ്പേർ പരിശോധിക്കാം.
മണ്ഡലകാലത്തും മറ്റും ശബരിമലയിൽ മുഴുവൻ സമയം പ്രവർത്തിക്കേണ്ടയാളാണ് പി.ആർ.ഒ. വനിതകളെ നിയമിക്കുന്നത് ആചാരലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം ബോർഡ് ജീവനക്കാരനും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ടെന്നും ഉദ്യോഗാർത്ഥി പറയുന്നു. റാങ്ക് ലിസ്റ്റ് വരുന്നതിന് പന്ത്രണ്ട് ദിവസം മുൻപ് മാത്രമാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
നൂറിൽ 70 മാർക്ക് നേടിയ എ.ബി. നിതയായിരുന്നു എഴുത്ത് പരീക്ഷയിൽ ഒന്നാമത്. അഭിമുഖപരീക്ഷ കഴിഞ്ഞ് ആറു പേരടങ്ങിയ മെയിൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പരീക്ഷയിൽ 67 മാർക്കുണ്ടായിരുന്ന ജി.എസ് അരുൺ അഭിമുഖത്തിൽ ഏഴ് മാർക്ക് ലഭിച്ചതോടെ ഒന്നാമതെത്തി.അഭിമുഖത്തിന് മൂന്നു മാർക്ക് കിട്ടിയ നിത രണ്ടാം സ്ഥാനത്തായി. മെയിൻ ലിസ്റ്റിൽ മൂന്ന് മാർക്ക് കിട്ടിയത് നിതക്ക് മാത്രമാണ്. പിന്നിലുള്ള റാങ്കുകാർക്കും ആറും നാലും, അഞ്ചും മാർക്ക് കിട്ടി. ലിംഗവിവേചനം കാണിച്ചെന്ന പരാതി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിഷേധിച്ചു. അഭിമുഖത്തിലെ പ്രകടനം മാത്രമായിരുന്നു മാനദണ്ഡമെന്നാണ് വിശദീകരണം.
''പി.ആർ.ഒ നിയമനത്തിന് സ്ത്രീകൾ അപേക്ഷിക്കേണ്ടതില്ലെങ്കിൽ മുൻകൂട്ടി പറയാമായിരുന്നു. പകരം ഞാനുൾപ്പെടെ നിരവധി വനിതകളിൽ നിന്ന് 500 രൂപ അപേക്ഷാ ഫീസീടാക്കിയാണ് പരീക്ഷ നടത്തിയത്.''
-എ.ബി. നിത
ഉദ്യോഗാർത്ഥി
പി.എസ്.സിസർട്ടിഫിക്കറ്റ് പരിശോധന
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ മെഡിക്കൽ ഗ്യാസ്ട്രോഎന്ററോളജി (കാറ്റഗറി നമ്പർ 340/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തിയാക്കത്തവർക്ക് 18 ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. ഫോൺ: 0471 2546448.
കെ-മാറ്റ് ഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: എം.ബി.എ പ്രവേശനത്തിനുള്ള കെ-മാറ്റ് പരീക്ഷയുടെ ഫലം www.cee.kerala.gov.in ൽ. പോർട്ടലിൽ നിന്ന് സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം. ഹെൽപ്പ് ലൈൻ- 04712525300
കീം പ്രൊഫൈൽ പരിശോധിക്കാം
തിരുവനന്തപുരം: എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് പ്രൊഫൈൽ പരിശോധിച്ച് ന്യൂനകകൾ പരിഹരിക്കാൻ 20വരെ അവസരം. വിവരങ്ങൾക്ക് www.cee.kerala.gov.in. ഹെൽപ്പ് ലൈൻ- 04712525300
എം.ഡി.എസ് പ്രൊഫൈൽ പരിശോധിക്കാം
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ഡെന്റൽ കോളേജുകളിലെ പി.ജി കോഴ്സിൽ അപേക്ഷിച്ചവർക്ക് പ്രൊഫൈൽ പരിശോധിക്കാനും അപേക്ഷയിലെ തെറ്റു തിരുത്താനും 18ന് ഉച്ചയ്ക്ക് മൂന്നുവരെ www.cee.kerala.gov.in ൽ അവസരം. ഹെൽപ്പ് ലൈൻ- 04712525300
പി.ജി ഡെന്റൽ: ഓപ്ഷൻ നൽകാം
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ഡെന്റൽ കോളേജുകളിലെ പി.ജി കോഴ്സുകളിൽ ഒന്നാം അലോട്ട്മെന്റിന് www.cee.kerala.gov.inൽ 19ന് വൈകിട്ട് അഞ്ചിനകം ഓപ്ഷൻ നൽകാം. ഹെൽപ്പ് ലൈൻ- 04712525300