rveenran
ഇന്നലെ രാവിലെ മന്ത്രി വീണാ ജോർജ് കാണാനെത്തിയപ്പോൾ ആശുപത്രി കിടക്കയിൽ ഇരുന്ന് കാര്യങ്ങൾ വിശദീകരിക്കുന്ന രവീന്ദ്രൻ നായർ.

തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിൽ 42 മണിക്കൂർ കുടുങ്ങിയ രവീന്ദ്രൻ മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളുടെ നടുക്കത്തിലാണ് ഇപ്പോഴും. രാത്രിയും പകലും അറിയാൻ കഴിയാതെ,

ജീവിതം അവസാനിച്ചുവെന്ന് തോന്നിയ മണിക്കൂറുകൾ.

ഒരിറ്റുവെള്ളത്തിനായി ദാഹിച്ചു തൊണ്ടപൊട്ടുമെന്ന്തോന്നി.

ലിഫ്റ്റ് നിലംപൊത്തിയ ആഘാതത്തിലാണ് ഫോൺ പൊട്ടിയത്. അലാറം സ്വിച്ചിൽ അടിക്കടി അമർത്തിക്കൊണ്ടിരുന്നു. ഫോൺ കൂട്ടിച്ചേർത്ത് ഓണാക്കി ലിഫ്റ്റിൽ വിളിക്കാൻ എഴുതിവച്ചിരുന്ന 04712528474 എന്ന നമ്പരിലേക്ക് പലവട്ടം വിളിച്ചു. റേഞ്ച് ഇല്ലായിരുന്നു. ഫോണും ഓഫായി. ഒടുവിൽ ബാഗ് തലയിൽ വച്ച് കിടന്നു. മരിച്ചുപോയ അച്ഛനെയും അമ്മയെയും മനസിൽ കണ്ടു.

ബാഗിൽ പേപ്പറുകളും ഭാര്യ എഴുതിയിരുന്ന കവിതകളുണ്ടായിരുന്നു. കവിതകളെടുത്ത് ഉറക്കെ ചൊല്ലി.

മരിക്കുമെന്ന ചിന്ത ഉറച്ചതോടെ, ഈ വിധി ആർക്കും വരാതിരിക്കാൻ ആശുപത്രിയിൽ എത്തിയതുമുതലുള്ള സംഭവങ്ങൾ മരണക്കുറിപ്പായി എഴുതി.

എപ്പോഴോ പുറത്തൊരു വെളിച്ചം കണ്ടു.

അകത്ത് ആളുണ്ടേ എന്ന് ഉറക്കെ പറഞ്ഞു. പുറത്തേക്ക് ചാടാൻ ആരോ പറഞ്ഞതുകേട്ടു. ബാഗുമെടുത്ത് പുറത്തേക്ക് ചാടി. ജീവനക്കാരൻ വാതിൽ തുറന്നു പിടിച്ചിരിക്കുകയായിരുന്നു. ഇറങ്ങിയതും അയാൾ കൈവിട്ടു. വാതിലുകൾ അടഞ്ഞു.

എന്റെ സ്ഥാനത്ത് ഗർഭിണിയോ,ഹൃദ് രോഗിയോ, പ്രമേഹമുള്ളയാളോ ആയിരുന്നെങ്കിൽ ....രവീന്ദ്രന്റെ വാക്കുകൾ മൗനത്തിലേക്ക് വീണു.

സമര വീര്യം കരുത്തായി

എ.ഐ.വൈ.എഫ് സിറ്റി സെക്രട്ടറിയായും ജില്ലാ എക്‌സിക്യൂട്ടിവ് അംഗമായും പ്രവർത്തിച്ച് നിരാഹാരമുൾപ്പെടെ നിരവധി പോരാട്ടങ്ങളിലൂടെ സംഭരിച്ച മനസിന്റെ ഊർജ്ജമാണ് കരുത്തായത്.

നല്ല ഇടിയൻ പൊലീസുകാരുടെ മർദ്ദനമേറ്റിട്ടുണ്ട്. .സെക്രട്ടേറിയറ്റിന് മുന്നിൽ അടികൊള്ളാൻ ഞങ്ങളും കരയാൻ കേരളകൗമുദി ഓഫീസും മാത്രമുണ്ടായിരുന്ന കാലമുണ്ടായിരുന്നു.

കൺട്രോൾ റൂമും

വാക്കിടോക്കിയും വേണം

ലിഫ്റ്റുകൾക്കായി മെഡിക്കൽ കോളേജിൽ കൺട്രോൾ റൂം വേണമെന്നും ജീവനക്കാർക്കാ വാക്കിടോക്കി സംവിധാനം ഏർപ്പെടുത്തണമെന്നും ഇന്നലെ രാവിലെ കാണാൻ വന്ന മന്ത്രി വീണാ ജോർജിനോട് ആവശ്യപ്പെട്ടു.