തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് തിരിച്ചടി സി.പി.എമ്മിന്റെ വിവിധ ഘടകങ്ങൾ വിലയിരുത്തിയ ശേഷമുള്ള നേതൃയോഗങ്ങൾക്ക് 19ന് തുടക്കമാവും. തിരിച്ചടിയിൽ നിന്നും പാഠമുൾക്കൊണ്ട് തെറ്റുതിരുത്താനുള്ള സി.പി.എം മാർഗരേഖയ്ക്ക് നേതൃയോഗം അന്തിമ രൂപം നൽകും.
കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉറപ്പാക്കി ജനങ്ങളുമായുള്ള ബന്ധം വീണ്ടെടുത്ത് പാർട്ടിയെ എല്ലാ തലങ്ങളിലും ശക്തമാക്കാനുള്ള നിർദ്ദേശങ്ങളാവും മാർഗരേഖയിലുണ്ടാവുക. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് തോൽവി അപ്രതീക്ഷിതമായിരുന്നുവെന്നും ഇത്തരമൊരു തിരിച്ചടി പ്രതീക്ഷിച്ചില്ലെന്നുമാണ് പാർട്ടിയുടെ വിലയിരുത്തൽ. പാർട്ടിയും ഭരണവും ഉൾപ്പെടുന്ന വിശദമായ തെറ്റുതിരുത്തൽ രേഖയാവും സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കുക.പാർട്ടിയുടെ താഴേത്തട്ടിൽ ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തി തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയമുറപ്പാക്കാനുള്ള നീക്കങ്ങളും ആവിഷ്‌ക്കരിക്കും. പരമ്പരാഗതമായി ലഭിച്ചിരുന്ന വോട്ടുകളിലെ ചോർച്ച ആഴത്തിൽ പരിശോധിച്ച് പരിഹാരം കാണാനും നീക്കമുണ്ടാവും. 19ന് സംസ്ഥാന സെക്രട്ടേറിയറ്റും 21, 22 തിയതികളിൽ സംസ്ഥാന കമ്മിറ്റിയും യോഗം ചേരും.