തിരുവനന്തപുരം: ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, കവി പ്രഭാവർമ്മ, മലങ്കര ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത എന്നിവരെ ആദരിക്കുന്നതിനായി തിരുവനന്തപുരം പൗരാവലി സംഘടിപ്പിച്ച 'സ്നേഹാദരം" മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര രംഗത്ത് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അടൂർ ഗോപാലകൃഷ്ണനെയും സരസ്വതി പുരസ്കാരം നേടിയതിന് കവിയും മുഖ്യമന്ത്രിയുടെ മാദ്ധ്യമ സെക്രട്ടറിയുമായ പ്രഭാവർമ്മയെയും പൗരോഹിത്യത്തിൽ 50 വർഷം പൂർത്തിയാക്കിയതിന് ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പൊലീത്തയെയും ആദരിച്ചത്. മുൻ എം.പി കെ. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.ജി.പി ഡോ. പി.ജെ. അലക്സാണ്ടർ മുഖ്യപ്രഭാഷണം നടത്തി. മുൻ സ്പീക്കർ എം. വിജയകുമാർ, ഗോവ സർവകലാശാല കോർട്ട് കൗൺസിൽ അംഗം അഡ്വ. ജെ.ആർ.
പത്മകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ്, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി തുടങ്ങിയവർ പങ്കെടുത്തു.