joy-canal-kerala-thiruvan

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ ജോലിക്കിടെ ഒഴുക്കിൽപ്പെട്ട് ജോയി മരിച്ച സംഭവത്തെക്കുറിച്ച് ഉന്നതസമിതി അന്വേഷിക്കുമെന്ന് റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ മാനേജർ ഡോ.മനീഷ്‌ തപ്‌ല്യാൽ. ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ച് നിയമവശങ്ങൾ പരിശോധിച്ചശേഷം തീരുമാനിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജോയി തോട് വൃത്തിയാക്കാനിറങ്ങിയതല്ല. അതിനുള്ള സാദ്ധ്യതകൾ പരിശോധിക്കുകയായിരുന്നു.

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യങ്ങൾ റെയിൽവേ സൃഷ്ടിച്ചതല്ല. തോടിലെ ചെളി നീക്കുന്നതിന്റെയും ശുചീകരണത്തിന്റെയും പ്രാഥമിക ഉത്തരവാദിത്വം ജലസേചന വകുപ്പിനാണ്. റെയിൽവേയുടെ പ്രദേശത്തേക്ക്‌ മാലിന്യം എത്താതിരിക്കാൻ കോർപ്പറേഷനും ജലസേചന വകുപ്പും നടപടി സ്വീകരിക്കണം. ട്രെയിനിലെ കോച്ചുകളിൽ ബയോ ടോയ്‌ലറ്റുകളായതിനാൽ കക്കൂസ്‌ മാലിന്യം പുറംതള്ളുന്നില്ല.

പന്ത്രണ്ടു കിലോമീറ്ററോളം വരുന്ന ആമയിഴഞ്ചാൻ തോടിന്റെ 117 മീറ്റർ മാത്രമാണ് റെയിൽവേ യാർഡിന് താഴെക്കൂടി കടന്നുപോകുന്നത്. റെയിൽവേ പാലത്തിന്റെ ഭാഗത്ത് ചരിവ് ഉള്ളതിനാൽ വെള്ളം വേഗത്തിൽ ഒഴുകിപോകാറുണ്ട്. എന്നാൽ, പവർഹൗസിന് സമീപം തോട് പുറത്തോട്ടുപോകുന്ന ഭാഗത്ത് ഉയരക്കൂടുതലാണ്. ഇവിടെ ഭിത്തിപോലെയാണ്. ഇതാണ് തുരങ്കത്തിനുള്ളിൽ മാലിന്യങ്ങളും ചെളിയും കെട്ടിക്കിടക്കുന്നതിന് കാരണം.
ടണൽ വൃത്തിയാക്കുന്നതിന്‌ കാര്യക്ഷമമായ പദ്ധതിയൊരുക്കും. പുനർനിർമാണവും തോടിന്റെ ഗതിമാറ്റിവിടലും തത്കാലം പ്രാവർത്തികമല്ല. തമ്പാനൂർ റെയിൽവേ സ്‌റ്റേഷൻ നവീകരിക്കുമ്പോൾ ഇതിനെക്കുറിച്ച്‌ ആലോചിക്കും.

സ്റ്റേഷൻ മാലിന്യം

തോട്ടിൽ ഒഴുക്കുന്നില്ല

മാലിന്യ സംസ്‌കരണത്തിന്‌ റെയിൽവേയ്‌ക്ക്‌ സംവിധാനമുണ്ട്‌. അംഗീകൃത ഏജൻസികളെയാണ്‌ ഇതിന്‌ നിയോഗിച്ചിരിക്കുന്നത്‌. റെയിൽവേ സ്‌റ്റേഷനിൽ നിന്നുള്ള മാലിന്യം തോട്ടിലേക്ക്‌ ഒഴുക്കുന്നില്ല. ജോയിയുടെ മൃതദേഹം റെയിൽവേ വളപ്പിൽനിന്ന് 750 മീറ്റർ അകലെ കണ്ടെത്തിയത്‌ തങ്ങളുടെ പ്രദേശത്ത്‌ ഒഴുക്ക്‌ തടസപ്പെടുന്നില്ല എന്നതിന്റെ തെളിവാണ്.