തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ലിഫ്റ്റിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നവർക്ക് മതിയായ പരിശീലനം ലഭിക്കാത്തവരെന്ന് കണ്ടെത്തൽ. ചികിത്സക്കെത്തിയ രോഗി 42 മണിക്കൂർ ലിഫ്റ്റിൽ കുടുങ്ങിയ സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ മെഡിക്കൽ വിദ്യാഭ്യാസ ഡയക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇക്കാര്യം കണ്ടെത്തിയത്. റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും. ഭാവിയിൽ ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണമെന്ന ശുപാർശകളും റിപ്പോർട്ടിലുണ്ടെന്നാണ് വിവരം.

ലിഫ്റ്റുകളുടെ പ്രവർത്തനം സംബന്ധിച്ച് യാതൊരു രേഖകളുമില്ല. ലിഫ്റ്റിന്റെ ചുമതല ആർക്കാണ്,​ എപ്പോൾ ഡ്യൂട്ടിക്കെത്തി,​ മടങ്ങുന്നതെപ്പോൾ,​ ലിഫ്റ്റ് പ്രവർത്തനസജ്ജമാണോ, തകരാറുകളുണ്ടോ തുടങ്ങിയ കാര്യങ്ങൾ അറിയാൻ ഒരു മാർഗവുമില്ല. നിലവിൽ സസ്‌പെൻഷനിലുള്ള ജീവനക്കാർക്കുണ്ടായ വീഴ്ച ഗുരുതരവും ന്യായീകരണമില്ലാത്തതുമാണെന്നും റിപ്പോർട്ടിലുണ്ട്.

അതേസമയം കൃത്യവിലോപങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു. ഈ സംഭവത്തിന് പിന്നാലെ മെഡിക്കൽ കോളേജുകളിലെ സുരക്ഷിതത്വം വിലയിരുത്താൻ ചേർന്ന പ്രത്യേക യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മെഡിക്കൽ കോളേജുകളിലെ പരമാവധി ലിഫ്റ്റുകളിൽ ഓട്ടോമെറ്റിക് റെസ്‌ക്യൂ ഡിവൈസ് ഘടിപ്പിക്കും. ലിഫ്റ്റ് ഓപ്പറേറ്റർമാർക്ക് കൃത്യമായ സാങ്കേതിക പരിശീലനം നൽകണം. ലിഫ്റ്റ് പ്രവർത്തിക്കുന്ന ഓരോദിവസവും അവസാനിക്കുമ്പോൾ ലിഫ്റ്റ് ഓപ്പറേറ്റർമാർ ലിഫ്റ്റ് താഴെ കൊണ്ടുവന്ന് ഡോർ തുറന്ന് പരിശോധിച്ച് ലോക്ക് ചെയ്യണമെന്ന മാനദണ്ഡം കൃത്യമായി പാലിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ആശുപത്രികളിലെ സുരക്ഷിതത്വവും പ്രവർത്തനങ്ങളിലെ കാര്യക്ഷമതയും പരിശോധിക്കാൻ ജീവനക്കാർക്ക് ചെക്ക് ലിസ്റ്റുകൾ ഏർപ്പെടുത്തും. ചെക്ക് ലിസ്റ്റ് കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പ്രിൻസിപ്പൽമാരും സൂപ്രണ്ടുമാരും ഉറപ്പാക്കണം. രോഗികളോടും കൂട്ടിരിപ്പുകാരോടും ജീവനക്കാർ സഹാനുഭൂതിയോടെ പെരുമാറണം. കൃത്യമായ വിവരങ്ങൾ നൽകണം.


ഒരു മാസം കാമ്പെയിൻ

'സുരക്ഷിത ആശുപത്രി സുരക്ഷിത ക്യാമ്പസ്' എന്ന പേരിൽ മെഡി.കോളേജുകളിൽ ഒരു മാസം തീവ്രയജ്ഞം

 പ്രത്യേക ടീം സുരക്ഷ പരിശോധിക്കും

അലാമുകൾ, പബ്ലിക് അഡ്രസ് സിസ്റ്റം,ഫയർ ആൻഡ് സേഫ്റ്റി എന്നിവയും പരിശോധിക്കും

 അപകട സാദ്ധ്യത കണക്കിലെടുത്ത് മോക്ഡ്രിൽ

പ്രിൻസിപ്പൽമാരും സൂപ്രണ്ടുമാരും നിരന്തരം സന്ദർശിച്ച് പോരായ്മകൾ പരിഹരിക്കണം