rajbhanvamn

തിരുവനന്തപുരം: നഗരത്തിൽ അമിതവേഗത്തിൽ പാഞ്ഞ കാർ ഇടിച്ചു കയറി യാത്രക്കാരന് പരിക്കേറ്റു.കാർ ഓടിച്ചിരുന്ന ജവഹർ നഗർ സ്വദേശി നിഖിൽ പ്രശാന്തിനാണ് (22) പരിക്കേറ്റത്.സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റതിനാൽ ബോധം പൂർണമായി തെളിഞ്ഞിട്ടില്ല.ഹോണ്ട സിറ്റി കാറാണ് അപകടത്തിൽപ്പെട്ടത്.ഇന്നലെ പുലർച്ചെ 1.30തോടെ കവടിയാറിൽ നിന്ന് വെള്ളയമ്പലത്തേയ്ക്ക് വന്ന കാർ രാജ്ഭവന്റെ മതിലിൽ ഇടിച്ചുകയറുകയായിരുന്നു.

ഫുട്പാത്തിലെ പോസ്റ്റ് ഇടിച്ചുതകർത്ത് മതിലിനും സമീപത്തെ മരത്തിനും ഇടയിൽ കുടുങ്ങിപ്പോയി. പൊലീസ് കൺട്രോൾ റൂമിൽ നിന്ന് വിവരമറിയിച്ചതിനെ തുടർന്ന് ചെങ്കൽച്ചൂളയിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തി വാഹനത്തിന്റെ ഗ്ലാസ് ഉൾപ്പെടെ പൊളിച്ചാണ് നിഖിലിനെ പുറത്തെടുത്തത്.

തുടർന്ന് 108 ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. അമിതവേഗമാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. യുവാവ് ഉറങ്ങിപ്പോയതാണോയെന്നും സംശയമുണ്ട്. ബംഗളൂരിൽ പഠനം പൂർത്തിയാക്കി നിഖിൽ ദുബായിൽ ഇന്റേൺഷിപ്പ് കഴിഞ്ഞ ശേഷം തലസ്ഥാനത്ത് എത്തിയതായിരുന്നു. മാതാപിതാക്കൾ ദുബായിലാണ്. സുഹൃത്തുക്കളുമൊത്തുള്ള കൂടിച്ചേരലിന് ശേഷം രാത്രിയിൽ വെള്ളയമ്പലത്തുള്ള സുഹൃത്തിന്റെ വീട്ടിൽ തങ്ങാനായിരുന്നു തീരുമാനം.രാത്രി വൈകിയും കാണാതായതോടെ സുഹൃത്ത് നിഖിലിനെ വിളിച്ചപ്പോൾ പൊലീസാണ് ഫോണെടുത്ത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് നിഖിലിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.