നെടുമങ്ങാട്: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ ആൽമരം കടപുഴകി യുവതി മരിച്ചു.നെടുമങ്ങാട് തെങ്കാശി അന്തർ സംസ്ഥാനപാതയിൽ കരകുളം ആറാംകല്ലിൽ ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം.തൊളിക്കോട് പരപ്പാറ മാങ്കാട് മുകിൽ ഭവനിൽ സതീശന്റെ ഭാര്യ ഒ.മോളി (42) ആണ് മരിച്ചത്.

അപകടത്തിൽ കാർ പൂർണമായും തകർന്നു.മോളിക്കൊപ്പമുണ്ടായിരുന്ന യുവാവിനെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നെടുമങ്ങാട്, ചെങ്കൽചൂള ഫയർഫോഴ്സെത്തി കാർ പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. വഴയിലയിലെ ബ്യൂട്ടിപാർലർ ജീവനക്കാരിയാണ് മോളി. കാറിൽ തൊളിക്കോട്ടേയ്ക്ക് പോവുകയായിരുന്നു ഇരുവരും. മരം വീണ് വൈദ്യുതി ലൈനുകൾ തകർന്നു. വഴയില - നെടുമങ്ങാട് റൂട്ടിൽ രണ്ടു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. നെടുമങ്ങാട്, ചെങ്കൽചൂള ഫയർഫോഴ്സും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് അപകടത്തിൽപെട്ടവരെ ആശുപത്രിയിലെത്തിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തും മുൻപ് മോളി മരിച്ചു. രാത്രി വൈകിയും വൈദ്യുതിതടസവും വാഹന ഗതാഗതവും പുനഃസ്ഥാപിക്കാൻ സാധിച്ചില്ല.വളവിലാണ് മരം വീണത്. സമീപത്ത് പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനവും പൂർണമായി തകർന്നു. മോളിയുടെ മക്കൾ: അഭിരാം,​ അദ്വൈത്.