umman-chandi

ആൾക്കൂട്ടത്തെ തനിച്ചാക്കി കേരളത്തിന്റെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് യാത്രയായിട്ട് ഒരു വർഷം പിന്നിടുന്നു. ആരവങ്ങൾക്കൊപ്പം ഒഴുകിനടന്ന്, ആൾക്കൂട്ടങ്ങൾ പകർന്ന ഊർജം ആവാഹിച്ച് ജനഹൃദയത്തിൽ ഇടം നേടിയ നേതാവിനെയാണ്, അതിലുപരി പച്ചമനുഷ്യനെയാണ് കേരളത്തിന് നഷ്ടപ്പെട്ടത്. ഉമ്മൻ ചാണ്ടിയെന്നാൽ രണ്ടില്ല, ഒന്നേയുള്ളൂ എന്ന് കേരളത്തിനു ബോധ്യമായ വർഷം കൂടിയാണ് കഴിഞ്ഞുപോയത്.

പൊതുനന്മ, ജനക്ഷേമം, നയരൂപീകരണത്തിലെ ജനപങ്കാളിത്തം, വ്യക്തിസ്വാതത്ര്യം തുടങ്ങിയവ ഉറപ്പു നൽകുന്ന റിപ്പബ്ലിക്കൻ ചിന്തയുടെയും,​ സമാധാനപരമായ ഭരണഘടനാ മാർഗങ്ങളിലൂടെ അവസരസമത്വവും തുല്യതയും ഉറപ്പുവരുത്തുന്ന ഫാബിയൻ സോഷ്യലിസത്തിന്റെയും ആശയധാരയിലേക്ക് ഗാന്ധിയൻ ദർശനമായ 'അന്ത്യോദയ"യും ഭരണഘടനയിലെ 'സർവധർമ സമഭാവനയും" കൂടി ചേർത്താണ് സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രത്യയശാസ്ത്രം നെഹ്റു നിർമ്മിച്ചെടുത്തത്. ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയദർശനവും പ്രയോഗവത്കരണവും ഇതേ ആശയങ്ങൾ തന്നെയായിരുന്നു.

കോൺഗ്രസ് മുന്നോട്ടുവച്ച ഈ സോഷ്യൽ ഡെമോക്രാറ്റിക് മാതൃകയുടെ ഇന്ത്യയിലെ ഏറ്റവും നല്ല പ്രചാരകനായിരുന്നു ഉമ്മൻചാണ്ടിയെന്ന് അഞ്ചു ദശാബ്ദങ്ങളിലെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഇടപെടലുകൾ നിരീക്ഷിച്ചാൽ മനസിലാകും. ചുരുക്കത്തിൽ, തിരഞ്ഞെടുപ്പ് വിജയത്തിനും പരാജയത്തിനും അപ്പുറം ഒരു പൊതുപ്രവർത്തകനിൽ നിന്ന് ജനങ്ങൾ എന്താണ് ആഗ്രഹിക്കുന്നത് എന്നതിനുള്ള ഉത്തരം കൂടിയാണ് ഉമ്മൻ ചാണ്ടിയുടെ സുതാര്യമായ ജീവിതവും മരണവും. എഴുപതുകൾ മുതൽ തന്നെ ജനപക്ഷത്ത് നിന്നുകൊണ്ടുള്ള ചില അനന്യ മാതൃകകൾ കേരളം മുന്നോട്ടുവച്ചിട്ടുണ്ട്. അതിൽ കാലഹരണപ്പെടാത്ത ഒന്നേയൂള്ളൂ- ഉമ്മൻചാണ്ടിയുടെ മാതൃക.

നീതിയും അഭയവുമായി രാജധർമ്മത്തെ നിർവചിച്ച കൽഹണന്റെ 'രാജതരംഗിണി"യിലെ വാക്കുകളെ അന്വർഥമാക്കിക്കൊണ്ട്, സമീപിക്കുന്ന അവസാനത്തെ മനുഷ്യനും നീതിയുടെ ഉറവിടമായി അദ്ദേഹം സ്വയം മാറുകയായിരുന്നു. നിസാരമായ കാര്യങ്ങൾക്കു പോലും പ്രത്യയശാസ്ത്രഗരിമ നൽകുന്നവർക്കിടയിൽ 'എന്റെ രാഷ്ട്രീയം ജനക്ഷേമമാണ്" എന്ന ഒറ്റവാക്കിൽ അദ്ദേഹം മാറിനടന്നു. ഉമ്മൻ ചാണ്ടിയുടെ മരണശേഷമുള്ള ദിവസങ്ങളിൽ ഒരുപക്ഷേ, ഇന്ത്യയിലെ ഓരോ രാഷ്ട്രീയനേതാവും അവരുടെ പൊതുജീവിതത്തിലെ ശൈലികളെയും അധികാരചിഹ്നങ്ങൾ അവരിലുണ്ടാക്കിയ മാറ്റങ്ങളെയും സ്വയം വിമർശനപരമായും സത്യസന്ധമായും വിലയിരുത്തിയിട്ടുണ്ടാകും എന്നുറപ്പാണ്. കാരണം, കോട്ടയത്തെ പുതുപ്പള്ളിയിൽ നിന്ന് കേരളത്തോളം വളർന്ന രാഷ്ട്രീയ നേതാവിനെ ജനം ഇന്നും മറന്നിട്ടില്ലല്ലോ.

2004- 06 കാലയളവിൽ അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ അംഗമായിരിക്കാൻ ലഭിച്ച അവസരം ഉമ്മൻചാണ്ടി എന്ന ഭരണാധികാരിയെ ആഴത്തിലറിയാനുള്ള ദിനങ്ങളായിരുന്നു. അദ്ദേഹം ആദ്യ തവണ മുഖ്യമന്ത്രിയായി മാസങ്ങൾക്കുള്ളിലാണ് സുനാമിയെന്ന അസാധാരണ ദുരന്തത്തെ കേരളത്തിന് നേരിടേണ്ടി വന്നത്. അത്രയും ഭീകരമായ ഒരു സാഹചര്യത്തെ അന്നുവരെ നേരിടേണ്ടിവന്ന പരിചയമില്ലാതിരുന്നിട്ടും ഒരു നിമിഷവും പരിഭ്രമിക്കാതെ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിച്ച്,​ തകർന്നടിഞ്ഞുപോയ ഒരു ജനതയെ നെഞ്ചോടുചേർത്ത സമാനതകളില്ലാത്ത വ്യക്തിത്വമാണ് ഉമ്മൻചാണ്ടിയുടേതെന്ന് നേരിൽക്കണ്ട് ബോധ്യപ്പെട്ടിട്ടുണ്ട്.

മന്ത്രിസഭാംഗമെന്ന നിലയിൽ ഞാൻ വഹിച്ചിരുന്ന ടൂറിസം,​ ദേവസ്വം വകുപ്പുകളിൽ പൂർണസ്വാതന്ത്ര്യവും വികസന പ്രവർത്തനങ്ങളിലടക്കം നിർലോപമായ പിന്തുണയും അദ്ദേഹം നൽകിയിരുന്നു. ആ നേതൃഗുണവും പരിചയസമ്പത്തും കരുതലും ഇന്നും കേരളം ആവശ്യപ്പെടുന്ന കാലമാണ്. പക്ഷേ ബാക്കിയുള്ളത് അദ്ദേഹത്തിന്റെ ഓർമ്മകൾ മാത്രമാണ്; കേരളത്തിന്റെ പൊതുമണ്ഡലത്തിൽ ബാക്കിവച്ച കുറേയധികം അടയാളങ്ങളും. മായ്ക്കാൻ ശ്രമിച്ചാലും മായാത്ത അടയാളങ്ങൾ.