vizhavoor

മലയിൻകീഴ്: വിളവൂർക്കൽ ഗ്രാമപഞ്ചായത്തിലെ വിഴവൂർ വാർഡിലുൾപ്പെട്ട വിഴവൂർ-പിണറുവിള മരുതുംമൂട് റോഡിന്റെ ശോചനീയാവസ്ഥയിൽ യാത്രക്കാർ വർഷങ്ങളായി ദുരിതമനുഭവിക്കുകയാണ്. ഗ്രാമപഞ്ചായത്തിന്റെയും തനത് ഫണ്ട് വിനിയോഗിച്ച് വർഷങ്ങൾക്ക് മുൻപ് ടാറിംഗ് നടത്തിയ റോഡിപ്പോൾ പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി ചില
ഭാഗങ്ങളിൽ മഴവെള്ളം കെട്ടി നിൽക്കുന്നുണ്ട്. ടാറിംഗ് ഇളകി വൻ കുഴികൾ
രൂപപ്പെട്ടതിനാൽ കാൽനടയും ബുദ്ധിമുട്ടാണെന്നാണ് നാട്ടുകാർ പറയുന്നത്.

റോഡിലെ കുഴികളിൽ വെള്ളം കെട്ടി നിൽക്കുന്നത് അപകടക്കെണിയായിട്ടുണ്ട്. രാത്രിയും ഇതുവഴി പോകാനാകില്ല.

നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്നിടത്തെ ഏക ആശ്രയമാണീ റോഡ്. നിരവധി മിനി സ്കൂൾ ബസുകളും ഇതുവഴി പോകുന്നുണ്ട്.
മഴപെയ്താൽ റോഡേതെന്ന് തിരിച്ചറിയാനാകാത്തവിധം വെള്ളക്കെട്ടായി മാറുമെന്നാണ് നാട്ടുകാർ
പറയുന്നത്. സ്കൂൾ-കോളേജുകളിലേക്കും ജോലിക്കു പോകുന്നവരും റോ‌ഡിന്റെ ശോചനീയാവസ്ഥയിൽ ബുദ്ധിമുട്ടുകയാണ്. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്.

അത്യാവശ്യഘട്ടങ്ങളിൽ ആശുപത്രിയിലെത്താൻ വാഹനങ്ങൾ വിളിച്ചാലും റോഡിന്റെ അവസ്ഥകാരണം എത്താറില്ല.

ഏകമാർഗം

ഒരു കിലോമീറ്റർ ദൈർഘ്യമുള്ള വിഴവൂർ-പിണറുവിള റോഡിലൂടെ ദുരിതം പേറിയാണ് പ്രദേശവാസികൾ യാത്ര ചെയ്യുന്നത്. റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ നാട്ടുകാർ നൽകിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല. പൊറ്റയിൽ,വിളവൂർക്കൽ തുടങ്ങിയ സ്ഥലങ്ങളിലെത്താനുള്ള ഏകമാർഗമാണ് ഈ റോഡ്.

കാർഷിക മേഖലയായ വിളവൂർക്കൽ പഞ്ചായത്തിൽ നിരവധി കർഷകരാണുള്ളത്. കാർഷികോത്പന്നങ്ങൾ പൊതുമാ‌ർക്കറ്റിലും, കാർഷിക വിപണിയിലും കർഷകർ കൊണ്ടുപോകുന്നതും ഇതുവഴിയാണ്.

റോ‌ഡിന്റെ ജീർണാവസ്ഥയിൽ പെട്ടിഓട്ടോറിക്ഷപോലും ഇതുവഴി വരാറില്ലെന്നാണ് കർഷകർ പറയുന്നത്. ഉത്പന്നങ്ങൾ തലച്ചുമടായി കൊണ്ടുപോകേണ്ട ഗതികേടിലാണിവർ.

ദുരിതമകറ്റണം

റോഡിൽ അറ്റകുറ്റപ്പണികളെങ്കിലും നടത്തിയിരുന്നെങ്കിൽ പ്രദേശവാസികളുൾപ്പെടെയുള്ള യാത്രക്കാർക്ക് ദുരിതമില്ലാതെ പോകാനാകുമായിരുന്നു. വിളവൂർക്കൽ ഗവ.ഹയർസെക്കൻഡറി സ്കൂൾ, പേയാട് കണ്ണശമിഷൻ ഹൈസ്കൂൾ, മണപ്പുറം ഗുഡ്ഷേപ്പേർഡ് ഹൈസ്കൂൾ, മലയിൻകീഴിലെ വിവിധ സ്കൂളുകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപങ്ങളിലേക്കും,ബാങ്ക്,പോസ്‌റ്റ് ഓഫീസ്,പൊലീസ് സ്റ്റേഷൻ,വില്ലേജ് ഓഫീസ്,സബ് രജിസ്ട്രാർ ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് പോകുന്നതിനും പ്രദേശവാസികൾ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.