d

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിടെ ഒഴുക്കിൽപ്പെട്ട് മരിച്ച ക്രിസ്റ്റഫർ ജോയിയുടെ മാതാവ് മെൽഹിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

ജോയിയുടെ അമ്മയ്ക്ക് തിരുവനന്തപുരം നഗരസഭ വീടുവച്ച് നൽകുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു. അടുത്ത കൗൺസിൽ യോഗത്തിൽ ഇക്കാര്യം ഔദ്യോഗികമായി തീരുമാനിക്കും. വീടിന് ഭൂമി കണ്ടെത്തുന്നതിലടക്കം സഹായിക്കാമെന്ന് സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉറപ്പുനൽകിയിട്ടുണ്ട്. നടപടികൾ ദ്രുതഗതിയിലാക്കി എത്രയും വേഗം വീട് നിർമ്മിച്ച് നൽകും.

അമ്മയ്ക്കും തനിക്കുമായി സ്വന്തമായി ഒരു കിടപ്പാടം എന്ന സ്വപ്നം ബാക്കിയാക്കിയാണ് ജോയി മടങ്ങിയത്. സഹോദരി ജെസിക്ക് നൽകിയ ഒരു സെന്റ് വസ്തുവിലെ ഒറ്റമുറി വീട്ടിലാണ് അമ്മ മെൽഹി താമസിക്കുന്നത്.