തിരുവനന്തപുരം: പ്രിയപ്പെട്ടവന്റെ മുഖത്ത് വിരലുരുമ്മി നിൽക്കുമ്പോൾ മറിയാമ്മ ഉമ്മന്റെ കണ്ണിൽ ഒരു നീർത്തുള്ളി പെയ്യാനാവാതെ വിമ്മി നിന്നു. പടിഞ്ഞാറേക്കോട്ടയിലെ സുനിൽസ് വാക്സ് മ്യൂസിയം ഉമ്മൻചാണ്ടിയുടെ ഓർമ്മകളിൽ കുതിർന്ന ദിനമായിരുന്നു ഇന്നലെ. ഓമനത്തം നിറഞ്ഞ ചിരിയുമായി മ്യൂസിയത്തിൽ ഉമ്മൻചാണ്ടിയുടെ മെഴുക് പ്രതിമ നിറഞ്ഞുനിന്നു.
അപ്പയ്‌ക്കരികിൽ നിൽക്കെ നിറഞ്ഞൊഴുകിയ കണ്ണുകൾ വിരലുകളാൽ തുടച്ച് മറിയ ഉമ്മൻ ആൾക്കൂട്ടത്തിന് പിന്നിലേക്ക് മാറി. അപ്പ തനിക്കരികിലെത്തിയെന്ന് പറയുമ്പോഴേക്കും മറിയയുടെ വാക്കുകൾ കരച്ചിലായി.... അപ്പ വിടപറഞ്ഞിട്ട് ഒരു വർഷമായെന്ന് വിശ്വസിക്കാനാകാതെ മകൻ ചാണ്ടി ഉമ്മൻ.
പതിന്നാല് വർഷം മുൻപാണ് ശിൽപ്പി സുനിൽ കണ്ടല്ലൂർ പ്രതിമ നിർമ്മിക്കാനുള്ള താത്പര്യം ഉമ്മൻചാണ്ടിയെ അറിയിച്ചത്. ജഗതിയിലെ വീട്ടിലെത്തി അദ്ദേഹത്തിന്റെ അളവുകൾ എടുത്തു. അന്ന് നിർമ്മിച്ച മോഡൽ മുംബയിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കയായിരുന്നു. പ്രായവ്യത്യാസമനുസരിച്ച് പുതിയ മോഡലാണ് തിരുവനന്തപുരത്തെ മ്യൂസിയത്തിനായി നിർമ്മിച്ചിരിക്കുന്നത്. ആറുമാസം കൊണ്ടാണ് പ്രതിമ പൂർത്തിയാക്കിയത്. പ്രതിമയെ അണിയിക്കാൻ ഉമ്മൻചാണ്ടി ധരിച്ചിരുന്ന മുണ്ടും ഷർട്ടും ഇന്നലെ മ്യൂസിയം അധികൃതർ ജഗതിയിലെ വീട്ടിലെത്തി സ്വീകരിച്ചു.
'കുഞ്ഞ് '(ഉമ്മൻചാണ്ടിയുടെ വിളിപ്പേര് ) ജീവിച്ചിരിക്കെ ഈ പ്രതിമ കാണാൻ തനിക്കായില്ലല്ലോ എന്ന് മറിയാമ്മ ഉമ്മൻ. ഒരു വർഷമായി ഹൃദയത്തിൽ ജീവിക്കുന്ന ഉമ്മൻചാണ്ടി ജീവനോടെ അരികിലെത്തിയ അനുഭവമെന്നും അവർ കണ്ണീരോടെ ഓർമ്മിച്ചു.
ചാണ്ടി ഉമ്മൻ അദ്ധ്യക്ഷനായ ചടങ്ങിൽ മറിയാമ്മ ഉമ്മൻ പ്രതിമ അനാവരണം ചെയ്‌തു. മകൾ മറിയ ഉമ്മൻ, പേരക്കുട്ടി എഫിനോഅ, തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ്മ, ഭാഷാ ഇൻസ്റ്രിറ്റ്യൂട്ട് മുൻ ഡയറക്ടർ എം.ആർ തമ്പാൻ എന്നിവർ പങ്കെടുത്തു.