hi

റോഡ് മുഴുവൻ തകർന്ന് കുഴികൾ മാത്രം

കിളിമാനൂർ: കെ.എസ്.ആർ.ടി.സി കിളിമാനൂർ ഡിപ്പോയിൽ എത്തിയാൽ പിന്നെ യാത്രക്കാരന്റെ നടുവൊടിഞ്ഞതു തന്നെ. ഡിപ്പോയിലെ റോഡ് മുഴുവൻ പോയി കുഴികൾ മാത്രമാണുള്ളത്. മഴക്കാലമായതോടെ കുഴികളിൽ വെള്ളം നിറഞ്ഞ് ബസുകൾ പോകുമ്പോൾ യാത്രക്കാരുടെ ദേഹത്ത് തെറിക്കുകയാണ്.

ഫ്യൂവൽസ് ഔട്ട്‌ലെറ്റ് സ്ഥാപിച്ചതോടെ സ്റ്റേഷനകത്ത് സ്ഥലപരിമിതിയുമുണ്ട്. ഇന്ധനം നിറയ്ക്കാൻ ഡിപ്പോയിലേക്ക് സ്വകാര്യ വാഹനങ്ങളും വരുന്നുണ്ട്. ഡിപ്പോയുടെ യാർഡ് നവീകരിക്കാൻ ഒരു കോടി രൂപയുടെ ഫണ്ട് അനുവദിച്ചതായി എം.എൽ.എ പറഞ്ഞിട്ട് ഒരു വർഷത്തിലധികമായി.

യാത്രക്കാർ നിരവധി പരാതികൾ പറഞ്ഞെങ്കിലും പരിഹരിക്കുന്നതിന് പകരം കൂടുതൽ അസൗകര്യങ്ങളിലേക്ക് അനുദിനം കൂപ്പുകുത്തുകയാണ് ഡിപ്പോ. അനേകം ബസുകൾ കയറിയിറങ്ങുന്ന ഡിപ്പോയുടെ തകർന്ന യാർഡ് നവീകരിച്ച് നടുവൊടിയാതെ യാത്രചെയ്യാൻ സൗകര്യം ഒരുക്കണമെന്ന ആവശ്യവും പരിഗണിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.

യാത്രക്കാരുടെ അവസ്ഥ

ബസിലിരിക്കുന്ന യാത്രക്കാരന്റെ നടുവൊടിക്കുന്ന കുഴികളാണ് ഡിപ്പോയിൽ മുഴുവൻ.ബസ് വരുമ്പോൾ ബസിലേക്ക് കയറാൻ ഓടിപ്പോകുന്ന യാത്രക്കാർ കുഴിയിൽ വീഴുന്നതും നിത്യ സംഭവമാണ്.

പൊളിയാത്ത ഇടമില്ല

തിരുവനന്തപുരം - കൊട്ടാരക്കര സംസ്ഥാന പാതയിൽ സ്ഥിതി ചെയ്യുന്ന പ്രധാന സ്റ്റേഷനുകളിൽ ഒന്നാണ് കിളിമാനൂർ ഡിപ്പോ.നിത്യേന ദീർഘദൂര സർവീസടക്കം നിരവധി ബസുകൾ കയറിയിറങ്ങുന്ന ഇടമായിട്ടും പൊട്ടിപ്പൊളിഞ്ഞ യാർഡ് കണ്ടതായിപ്പോലും ആരും ഭാവിക്കുന്നില്ല. വർഷങ്ങൾക്കു മുമ്പാണ് ഇവിടെ നവീകരണം നടത്തിയത്. പൊളിഞ്ഞിളകാത്ത ഒരിടം പോലും ഡിപ്പോയിലില്ല.

ഡിപ്പോയുടെ പരിമിതികൾ സംബന്ധിച്ചും തകർന്ന റോഡ് നന്നാക്കാനാവശ്യപ്പെട്ടും യാത്രക്കാരും ജീവനക്കാരും പരാതി പറയുന്നുണ്ട്. സർക്കാർ ഇടപെടലുണ്ടായാലേ പരിഹരിക്കാൻ കഴിയൂ.

ജി.ജി.ഗിരി കൃഷ്ണൻ,ജില്ലാപഞ്ചായത്തംഗം

യാർഡ് നവീകരിക്കാൻ ഫണ്ട് ലഭ്യമായിട്ടുണ്ട്.കരാർ നടപടികൾ പൂർത്തിയാക്കി ഉടൻ പണിയാരംഭിക്കും.

ഒ.എസ്.അംബിക, എം.എൽ.എ