ആറ്റിങ്ങൽ: നദിയിലും കിണറ്റിലും മറ്റും ആരെങ്കിലും വീണാൽ (അത് മനുഷ്യനോ,മൃഗമോ) രക്ഷിക്കാൻ കിരൺ ഓടിയെത്തും.ഇനി മൃതദേഹമാണെങ്കിലും യാതൊരു മടിയും കൂടാതെ എടുത്ത് കരയ്ക്കെത്തിക്കാൻ ആറ്റിങ്ങൽ കൊല്ലമ്പുഴ ഓവർബ്രിഡ്ജിനു സമീപം താമസിക്കുന്ന കിരൺ കൊല്ലമ്പുഴയ്ക്ക് (32) യാതൊരു മടിയുമില്ല. അതുകൊണ്ടുതന്നെ ഫയർഫോഴ്സും പൊലീസും കിരണിന്റെ സേവനം തേടാറുണ്ട്. 15-ാം വയസിലാണ് സൗജന്യ സേവനം ആരംഭിച്ചത്.

വാമനപുരം നദിയിൽ പൂവമ്പാറ മുതൽ അയന്തിക്കടവ് വരെയുള്ളയിടങ്ങളിൽ ഇതിനകം നൂറിലധികം ഇടപെടലുകൾ കിരൺ നടത്തിട്ടുണ്ട്.നന്നായി നീന്താനറിയുന്ന കിരൺ എത്ര ആഴത്തിൽപ്പെട്ടവരെയും രക്ഷിക്കും.

അവനവഞ്ചേരി സ്വദേശിയായ 80കാരി വീട്ടമ്മ പത്തായ കടന്നൽക്കുത്തേറ്റ് മരിച്ചപ്പോൾ അപകടഭീതി പരത്തിയ കടന്നൽക്കൂട് തീയിട്ട് നശിപ്പിച്ചത് കിരണാണ്. ദേശീയപാതയിൽ വെള്ളക്കെട്ട് രൂപപ്പെടുമ്പോൾ ഓവുകൾ വൃത്തിയാക്കി മലിനജലം നീക്കം ചെയ്യാനും കിരണുണ്ടാകും.