വെള്ളറട: മത്സ്യകൃഷിയിൽ നൂതന ഉണർവുമായി വെള്ളറട ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും സംയുക്തമായി വിവിധ വാർഡുകളിലായി 50 ഓളം പേരാണ് ഇന്ന് മത്സ്യകൃഷിയിലൂടെ വരുമാനം കണ്ടെത്തുന്നുണ്ട്. ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള പൊതുകുളങ്ങളിൽ കുടുംബശ്രീയുടെ സഹരണത്തോടെ മത്സ്യകൃഷി ചെയ്യുന്നുണ്ട്.

കടൽ മത്സ്യങ്ങളുടെ ലഭ്യതകുറവും വിലക്കൂടുതലും വ്യാപകമായി രാസവസ്തുക്കൾ ചേർത്ത് വില്പനയ്ക്ക് എത്തിക്കുന്നതും കാരണം ഉപഭോക്താക്കൾ വളർത്തു മത്സ്യങ്ങളിലേക്ക് തിരിയുകയാണ്.

മത്സ്യകൃഷി ചെയ്യുന്നത്

ആറാട്ടുകുഴി ചിറത്തലയ്ക്കൽ കുളം,

നൂലിയം കുളം,

വേങ്കോട് കുളം,

കാട്ടുകുളം,

അരുവോട്ടുകോണം കുളം

കൈത്താങ്ങായി വകുപ്പുകൾ

ഫിഷറീസ് വകുപ്പാണ് കർഷകർക്ക് മത്സ്യക്കുഞ്ഞുങ്ങളെ നൽകുമ്പോൾ ഗ്രാമപഞ്ചായത്താണ് കൃഷിക്കുള്ള സൗകര്യം ഒരുക്കുന്നത്. ഇതിനായി 70000 രൂപയാണ് സബ്സിഡിയായി നൽകുന്നത്. ഉത്പാദന ക്ഷമതയുള്ള മത്സ്യങ്ങളാണ് കൃഷിക്കായി ഉപയോഗിക്കുന്നത്.

പ്രധാന കൃഷി

കരിമീൻ,​ സിലോപ്പിയ,​ ചെമ്പല്ലി,​ റോബ്,​ മുഷി

ഇവിടുത്തെ മത്സ്യങ്ങളെ മൊത്തമായി വാങ്ങാൻ വൻകിട ഹോട്ടലുകൾ തയാറാണ്. അതുകൊണ്ട് വളരെ പെട്ടെന്നുതന്നെ വിളവെടുക്കുന്ന മത്സ്യങ്ങൾ വിറ്റഴിക്കാനും കഴിയുന്നു.

കൃഷി വ്യാപിപ്പിക്കും

മലയോരത്ത് വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെയാണ് മലയോര നിവാസികൾ മത്സ്യകൃഷിയിലേക്ക് തിരിഞ്ഞത്. കൃഷിക്ക് ആവശ്യമായ പരിരക്ഷ നൽകാൻ വകുപ്പുകൾ ഒപ്പമുള്ളതിനാൽ മത്സ്യങ്ങൾക്ക് രോഗങ്ങളൊന്നും വരാതെ സംരക്ഷിക്കാൻ കഴിയുന്നു. മത്സ്യകൃഷി ലാഭകരമാണെന്ന് കണ്ടെത്തിയതോടെ കൃഷി വ്യാപകമാക്കാനുള്ള തീരുമാനത്തിലാണ് കർഷകർ.