തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മരിച്ച മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ നൽകിയ ഉറപ്പുകളും വാഗ്ദാനങ്ങളും അടിയന്തരമായി പാലിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് കുടുംബാംഗങ്ങൾ. പ്രസ് ക്ളബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ, ഉറ്റവരുടെ വേർപാട് താങ്ങാനാവാതെ മാദ്ധ്യമപ്രവർത്തകർക്ക് മുമ്പിൽ ബന്ധുക്കൾ പൊട്ടിക്കരഞ്ഞു.
പ്രത്യേക ധനസഹായം, കുട്ടികൾക്ക് വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കൽ, ആശ്രിതകർക്ക് വീട് തുടങ്ങിയവയാണ് സർക്കാർ ഉറപ്പുനൽകിയത്. എന്നാൽ, ഇൻഷ്വറൻസ് തുകയല്ലാതെ നാളിതുവരെ ഒരുരൂപ പോലും ലഭിച്ചിട്ടില്ല.
കഴിഞ്ഞ ജൂലായിൽ ഒരു കുടുംബത്തിലെ നാലുപേർ മുതലപ്പൊഴിയിൽ മരിച്ചപ്പോൾ സ്ഥലം സന്ദർശിച്ച മന്ത്രി സജി ചെറിയാൻ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപ അനുവദിക്കുമെന്നും കുട്ടികളുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ, മരണങ്ങൾ ആവർത്തിക്കുമ്പോഴും പ്രശ്നത്തിന് ശാശ്വത പരിഹാരമായിട്ടില്ല. അപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിൽ എത്തിക്കാൻ മുതലപ്പൊഴി കേന്ദ്രീകരിച്ച് ആംബുലൻസ് ഒരുക്കണമെന്നും അവർ ആവശ്യപ്പെട്ടു. 10 വർഷത്തിനിടെ 78 പേരാണ് മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മരിച്ചത്. അപകടങ്ങളിൽ മരിച്ച കുഞ്ഞുമോന്റെ ഭാര്യ മലാഷ, റോബിൻ എഡ്‌വിന്റെ ഭാര്യ ലതിക, ബിജു ആന്റണിയുടെ മകൾ ബിനില, 2022ൽ മരിച്ച സഫീറിന്റെ മാതാവ് സൽമ, ഷമീറിന്റെ മാതാവ് താഹിറ, വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ്, ജില്ലാ പ്രസിഡന്റ് അഷ്റഫ് കല്ലറ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.