തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് ശുചീകരിക്കാനിറങ്ങിയ ജോയി മരിച്ച സംഭവത്തിൽ മേയർ ആര്യാരാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം.ഒരു പ്രവർത്തകന് പരിക്കേറ്റു. കോർപ്പറേഷൻ ഓഫീസിന് മുന്നിലൂടെയുള്ള ഗതാഗതം ഒരുമണിക്കൂറോളം തടസപ്പെട്ടു. പാളയം രക്തസാക്ഷിമണ്ഡപത്തിൽ നിന്നാരംഭിച്ച പ്രകടനത്തിനെ കോർപ്പറേഷൻ ആസ്ഥാനത്തിനു സമീപം പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർ പൊലീസുമായി ഉന്തും തള്ളുമായി. തുടർന്ന് ജലപീരങ്കി പ്രയോഗിച്ചു. ഇതിനു പിന്നാലെ വനിതാ പ്രവർത്തകർ ഉൾപ്പെടെ കോർപ്പറേഷൻ മതിൽ ചാടിക്കടന്ന് പ്രതിഷേധിച്ചു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷത്തിനിടയിൽ പ്രവർത്തകർ സംഘടിച്ച് കോർപ്പറേഷന്റെ പടിഞ്ഞാറേ ഗേറ്റും ഉപരോധിച്ചു. മതിൽ ചാടിയ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിന്റെ പേരിൽ പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. അരമണിക്കൂറിലധികം നീണ്ട സംഘർഷത്തിൽ സംസ്ഥാന സെക്രട്ടറി രജിത്ത് രവീന്ദ്രന് പരിക്കേറ്റു. കോർപ്പറേഷൻ പരിസരത്തേക്ക് ചാടിക്കയറിയ സംസ്ഥാന സെക്രട്ടറിമാരായ അജയ് കുര്യാത്തി, മനോജ് മോഹൻ, ജില്ലാ ഭാരവാഹികളായ ഷജിൻ രാജേന്ദ്രൻ, തൊളിക്കോട് യൂണിറ്റ് പ്രസിഡന്റ് അബു,വനിത പ്രവർത്തകരായ ദീനമോൾ,ചന്ദ്രലേഖ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ എ.ആർ.ക്യാമ്പിലേക്ക് മാറ്റി.ജില്ലാ പ്രസിഡന്റ് നേമം ഷജീർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ഭാരവാഹികളായ സജിത്ത് മുട്ടപ്പാലം, അമി തിലക്, ജില്ലാ ഭാരവാഹികളായ സെയ്താലി കായ്പ്പാടി, ഷജിൻ രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.