തിരുവനന്തപുരം: നഗരത്തിൽ പ്രതിദിനം 500 ടൺ മാലിന്യം ഉണ്ടാകുന്നെന്നാണ് നഗരസഭയുടെ കണക്ക്. ഇതിൽ 200 ടണ്ണും കൃത്യമായി സംസ്‌കരിക്കുന്നില്ല. വീടുകളിലും സ്ഥാപനങ്ങളിലും നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളാണ് മാലിന്യങ്ങളിൽ ഭൂരിഭാഗവും. സംസ്‌കരിക്കാൻ വഴിയില്ലാതായതോടെ മാലിന്യങ്ങൾ സ്വകാര്യ ഏജൻസികൾക്ക് കച്ചവടം ചെയ്യാൻ നഗരസഭ കുറുക്കുവഴി കണ്ടു. മാലിന്യക്കച്ചവടത്തിന് കോർപ്പറേഷൻ ഭരണസമിതിയിലെ ചിലരും ഉദ്യോഗസ്ഥരും പങ്കാളികളായപ്പോൾ നഗരസഭയുടെ മാലിന്യനയം അപ്പാടെ പാളി. നഗരത്തിലെ ഉറവിട മാലിന്യ സംസ്‌കരണ പദ്ധതി പാളാനുള്ള പ്രധാന കാരണവും ഈ സ്വകാര്യ ഏജൻസികളുടെ സമ്മർ‌ദ്ദമാണ്. ഭക്ഷണ മാലിന്യങ്ങൾ ശേഖരിച്ചിരുന്ന പല സ്വകാര്യ ഏജൻസികൾക്കും അംഗീകാരം ഉണ്ടോയെന്നതിൽ നഗരസഭയ്‌ക്കു പോലും വ്യക്തതയില്ല. പാർവതി പുത്തനാറിൽ കഴിഞ്ഞവർഷം ലോഡ് കണക്കിന് ഭക്ഷണമാലിന്യം തള്ളിയിരുന്നു. ഇതുപോലെ പലയിടത്തും മാലിന്യം തള്ളുന്നുണ്ട്. നഗരസഭയുടെ വാഹനത്തിൽ കിള്ളിയാറിൽ ജീവനക്കാർ മാലിന്യം തള്ളുന്ന ദൃശ്യങ്ങളും പുറത്തായിരുന്നു. ചുരുക്കത്തിൽ കരാർ കൊടുത്ത ഏജൻസികളും നഗരസഭയുടെ മാലിന്യം തള്ളുന്നത് തോട്ടിലും റോഡുവക്കിലുമാണ്.

നിലവിൽ ചില വാർഡുകളിൽ നിന്ന് ഹരിതകർമ്മസേന അജൈവമാലിന്യത്തിന് പുറമേ ജൈവമാലിന്യവും (ഭക്ഷണാവശിഷ്ടം ഉൾപ്പെടെ) ശേഖരിക്കുന്നുണ്ട്. ഇത് പന്നിഫാമുകളിലാണ് നൽകുന്നത്. ഭക്ഷണാവശിഷ്ടങ്ങൾ പന്നികൾക്ക് നൽകുന്നതിനുള്ള കരാറാണ് നൽകിയിരിക്കുന്നതെങ്കിലും അങ്ങോട്ട് പണം നൽകി ഉപയോഗശൂന്യമായ വീട്ടുപകരണങ്ങളടക്കം ഇവർക്ക് നൽകി പലരും ഒഴിവാക്കാറുണ്ട്. എന്നാലിവ കൃത്യമായി സംസ്‌കരിക്കുന്നുണ്ടോയെന്ന് സംശയമുണ്ട്. വീടൊന്നിന് പ്രതിമാസം 300 മുതൽ 500 രൂപവരെ ഭക്ഷണ മാലിന്യശേഖരണത്തിനായി ഹരിതകർമ്മ സേന വാങ്ങുന്നുണ്ട്.

പദ്ധതികളോട് മുഖംതിരിക്കും

മാലിന്യ നിർമ്മാർജ്ജനത്തിന് നിലവിലെ പദ്ധതികൾ അപര്യാപ്തമാണെന്ന് നഗരസഭ തന്നെ സമ്മതിക്കുമ്പോൾ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കാനുള്ള ആർജവവും അവർ കാണിക്കുന്നില്ല. ഉദ്യോഗസ്ഥർ പുതിയ പദ്ധതികളുമായെത്തിയാലും ഭരണസമിതി അത് പരിഗണിക്കാറില്ലെന്ന് ആക്ഷേപമുണ്ട്. കൃത്യമായ ഇടപെടലില്ലാത്തതിനാൽ ഫണ്ട് റദ്ദാകുന്ന സ്ഥിതിയുമുണ്ട്. കേരള ഖരമാലിന്യം സംസ്‌കരണത്തിന് ലോകബാങ്ക് സഹായവും കേന്ദ്ര - സംസ്ഥാന വിഹിതവുമടക്കം 114.2 കോടിയാണ് ഫണ്ട്. എന്നാൽ ഇതുവരെ പുതിയൊരു പദ്ധതി ആവിഷ്‌കരിച്ച് ഈ ഫണ്ട് ഉപയോഗപ്പെടുത്താൻ നഗരസഭയ്‌ക്കായിട്ടില്ല.